കോട്ടയം: മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ തന്റെ പേര് വലിച്ചിഴച്ച് പാര്‍ട്ടിവിരുദ്ധനായി ചിത്രീകരിക്കരുതെന്ന് ചാണ്ടി ഉമ്മന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താന്‍ വലിയ മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വികാരാധീനനായി പ്രതികരിച്ചു.
പുതുപ്പള്ളിയില്‍ പ്രവര്‍ത്തകരെ കണ്ടതിന് ശേഷമാണ് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കാനൊരുങ്ങിയ ചാണ്ടി ഉമ്മന്റെ പ്രതികരണം. തെരഞ്ഞെടുപ്പിലെ വിജയത്തിന് പ്രവര്‍ത്തകരോടും ജനങ്ങളോടും നന്ദി അറിയിക്കാനായാണ് അദ്ദേഹം യാത്ര നടത്തുന്നത്. വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് തന്റെ പേര് പ്രചരിപ്പിച്ച് അപമാനിച്ചത് മാധ്യമങ്ങളാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. 26 വര്‍ഷമായി കോണ്‍ഗ്രസ് പ്രസ്ഥാനത്തിനായി പ്രവര്‍ത്തിക്കുകയാണ്. ഇതുവരെ യാതൊരു സ്ഥാനമാനവും ഇല്ലാതെയാണ് പാര്‍ട്ടിക്കൊപ്പം നിന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കണമെന്ന് ജീവിതത്തില്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. സ്വന്തം പിതാവിനെ ഇല്ലാതാക്കാന്‍ ശ്രമിച്ച മകനെന്ന തരത്തിലുള്ള ക്രൂരമായ ആരോപണങ്ങള്‍ വരെ കേള്‍ക്കേണ്ടി വന്നുവെന്നും ഇനിയും അത്തരം പ്രചാരണങ്ങള്‍ ഉണ്ടാകരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. തിരുവനന്തപുരത്തേക്കുള്ള യാത്ര ശക്തിപ്രകടനമോ നേതൃത്വത്തോടുള്ള വെല്ലുവിളിയോ അല്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. യാത്രാമധ്യേ അനൗണ്സ്മെന്റുകളോ അനാവശ്യ പ്രചാരണമോ വേണ്ടെന്നും വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ ഉടന്‍ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ ആവേശത്തോടെ ഒപ്പമുണ്ടെങ്കിലും താന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങില്ല. കൈവീശി അഭിവാദ്യം ചെയ്യുന്നതിലൂടെയാകും എല്ലാവരോടും നന്ദി അറിയിക്കുകയെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
