Home » Blog » Home » ചാണ്ടി ഉമ്മനെ വെട്ടിയതിന് പിന്നില്‍
chandyoommen

വി.ഡി.സതീശന്‍ മന്ത്രിസഭയില്‍ ഉറപ്പായും മന്ത്രിസ്ഥാനം ലഭിക്കും എന്ന് പ്രതീക്ഷിച്ചതായിരുന്നു ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയുടെ അദൃശ്യസാന്നിധ്യം നിറഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 102 സീറ്റുകളുമായാണ് ഇക്കുറി അധികാരത്തില്‍ എത്തിയത്. അരലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പുതുപ്പള്ളിയില്‍ നിന്നും വിജയിച്ച ചാണ്ടി ഉമ്മന്‍ പരിഗണിക്കപ്പെടും എന്നത് തീര്‍ച്ചയുമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരതയാത്രയില്‍ കൂടെയുണ്ടായിരുന്ന ആള്‍ എന്ന നിലയില്‍ ഉള്‍പ്പെടെ ചാണ്ടി ഉമ്മന് അനുകൂലമായ ഘടകങ്ങളുമുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷമാണ് ചാണ്ടി ഉമ്മന്‍ മന്ത്രിമാരുടെ പരിഗണനാ ലിസ്റ്റില്‍ നിന്നും വെട്ടപ്പെട്ടത്. ഇതില്‍ എ ഗ്രൂപ്പ് കടുത്ത അമര്‍ഷത്തിലുമാണ്. ഈ അമര്‍ഷം എ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുമുണ്ട്.

ക്രിസ്ത്യന്‍ മന്ത്രിമാരുണ്ടെങ്കിലും ഓര്‍ത്തഡോക്സ് സഭയ്ക്ക് ഇക്കുറി മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്ത അവസ്ഥയില്‍ ചാണ്ടി ഉമ്മനായിരുന്നു സാധ്യത കൂടുതല്‍. എന്നാല്‍ ചാണ്ടി ഉമ്മന്‍ പരിഗണിക്കപ്പെട്ടില്ല. കൂടിയാലോചനകള്‍ ഇല്ലാതെയാണ് ചാണ്ടി ഉമ്മനെ മന്ത്രിസ്ഥാനത്ത് നിന്ന് തഴഞ്ഞതെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. സണ്ണി ജോസഫ് , റോജി എം. ജോൺ , സി.പി. ജോൺ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് തുടങ്ങി ആറു കൃസ്ത്യന്‍ മന്ത്രിമാര്‍ വന്നത് ചാണ്ടി ഉമ്മന് അവസാന ഘട്ടത്തില്‍ തിരിച്ചടിയായി. എന്നാല്‍ സണ്ണി ജോസഫും റോജി.എം.ജോണും മാത്രമാണ് കോണ്‍ഗ്രസിലെ കുസ്ത്യന്‍ മന്ത്രിമാര്‍. മറ്റുള്ളവരെല്ലാം തന്നെ ഘടകകക്ഷിയില്‍ നിന്നാണ്.

റോജി.എം.ജോണും ജനീഷുമൊക്കെ മന്ത്രിമാരായി എത്തിയപ്പോള്‍ യുവ പ്രതിനിധ്യത്തിന്റെ അഭാവവും പ്രകടമായില്ല. എന്നാല്‍ ചാണ്ടി ഉമ്മന്‍ പ്രശ്നം കത്തിക്കാന്‍ തന്നെയാണ് എ ഗ്രൂപ്പ് നീക്കം. ഹൈക്കമാന്‍ഡില്‍ ഈ കാര്യം അറിയിച്ചത് തന്നെ അതിനുള്ള തെളിവുമാണ്. ചാണ്ടി ഉമ്മനും എ.കെ.ആന്റണി പോലുള്ള മുതിര്‍ന്ന നേതാക്കളെ സന്ദര്‍ശിച്ച് ഈ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനം താന്‍ ആഗ്രഹിച്ചില്ലെന്നാണ് ചാണ്ടി ഉമ്മന്‍റെ പക്ഷം. പുതുപ്പള്ളിയില്‍ ഉള്‍പ്പെടെയുള്ള ജനങ്ങളാണ് അത് ആഗ്രഹിച്ചത്.

ജനങ്ങൾ വെട്ടുന്ന വഴിയിലൂടെ സഞ്ചരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നുമാണ് ചാണ്ടി ഉമ്മന്‍റെ പ്രതികരണം. എന്തായാലും എ ഗ്രൂപ്പ് രോഷം വെളിയില്‍ വന്നതോടെ പാര്‍ട്ടിയില്‍ ചാണ്ടി ഉമ്മന്‍ പ്രശ്നം പുകയുന്നുണ്ട്. ഈ കാര്യത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശന് എന്തായാലും തീരുമാനം എടുക്കേണ്ടിവരും.