കണ്ണൂർ ജില്ലയിൽ മഴ കനത്തതോടെ പകര്‍ച്ചവ്യാധികൾ വ്യാപകമാകുന്നു. നിലവിൽ 42,376 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഡെങ്കിപ്പനി കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ ഇതുവരെ 237 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും മൂന്ന് മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
മാങ്ങാട്ടിടം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് (22 എണ്ണം). അഴീക്കോട്, എടക്കാട്, കുന്നോത്തുപറമ്പ് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി മൂലമുള്ള മരണങ്ങൾ ഉണ്ടായത്. കൂടാതെ കണ്ണൂർ കോർപ്പറേഷൻ, ചെങ്ങളായി, ചപ്പാരപ്പടവ്, മട്ടന്നൂർ തുടങ്ങിയ പ്രദേശങ്ങളിലും രോഗബാധിതരുടെ എണ്ണം കൂടുതലാണ്
ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും, കൊതുകുകൾ വളരുന്ന സാഹചര്യം ഒഴിവാക്കുന്നതിനും മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുന്നതിനും ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
