Home » Blog » kerala Max » പെരുന്നാൾ ആഘോഷമാക്കാൻ ഗൾഫ് നാടുകൾ; യു.എ.ഇയും ബഹ്റൈനും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു
Ramadan

വിവിധ ഗൾഫ് രാജ്യങ്ങളിൽ മാസപ്പിറവി ദൃശ്യമായതിന് പിന്നാലെ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) അവധികൾ പ്രഖ്യാപിച്ചു. ബഹ്‌റൈനിൽ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവയ്ക്ക് മേയ് 26 ചൊവ്വാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെയാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. അറഫാ ദിനവും പെരുന്നാൾ ദിനങ്ങളും ഉൾപ്പെടുന്ന ഈ നാല് ദിവസത്തെ അവധിയിൽ വെള്ളിയാഴ്ച വരുന്നതിനാൽ, അതിന് പകരമായി മേയ് 31 ഞായറാഴ്ച കൂടി രാജ്യത്ത് അധിക അവധി നൽകുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

യു.എ.ഇയിലും സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള പെരുന്നാൾ അവധികൾ പുറത്തുവിട്ടിട്ടുണ്ട്. സ്വകാര്യ മേഖലയ്ക്ക് മേയ് 26 ചൊവ്വാഴ്ച മുതൽ 29 വെള്ളിയാഴ്ച വരെയാണ് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുന്നതോടെ ആകെ ആറ് ദിവസത്തെ നീണ്ട പെരുന്നാൾ അവധിയാണ് സ്വകാര്യ മേഖലയിലുള്ളവർക്ക് ലഭിക്കുക. ഫെഡറൽ സർക്കാർ ജീവനക്കാർക്കുള്ള അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അവധിക്ക് ശേഷം ജൂൺ ഒന്നിനായിരിക്കും യു.എ.ഇയിൽ സർക്കാർ ഓഫീസുകൾ പുനരാരംഭിക്കുക. ഈ മാസം 26-ന് അറഫാ സംഗമവും 27-ന് ബലിപെരുന്നാളും ആഘോഷിക്കും.

വരുംദിവസങ്ങളിൽ നീണ്ട അവധി ലഭിക്കുന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ളവർ വലിയ ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ്. വലിയൊരു വിഭാഗം പ്രവാസികൾ നാട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ, മറ്റു ചിലർ കുടുംബത്തോടൊപ്പം വിദേശരാജ്യങ്ങളിലേക്ക് യാത്ര തിരിക്കാനുള്ള പ്ലാനുകളിലാണ്. സന്ദർശകരെയും ടൂറിസ്റ്റുകളെയും സ്വീകരിക്കാൻ യു.എ.ഇയിലെ ഹോട്ടലുകളും റിസോർട്ടുകളും സ്റ്റേക്കേഷനുകൾ ഉൾപ്പെടെയുള്ള ആകർഷകമായ ഓഫറുകളുമായി ഇതിനകം തന്നെ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്.