adimali.jpg

അടിമാലിയിൽ ഉണ്ടായ മണ്ണിടിച്ചിൽ സംബന്ധിച്ച റിപ്പോർട്ട് രണ്ടു ദിവസത്തിനകം സമർപ്പിക്കുമെന്ന് ദേവികുളം സബ് കളക്ടർ വി എം ആര്യ അറിയിച്ചു. മണ്ണിടിച്ചിലിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള പരിശോധന ഇന്ന് ആരംഭിക്കും. ഇതിനായി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സബ് കളക്ടർ വ്യക്തമാക്കി.

നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ രണ്ടു ദിവസത്തിനകം താത്കാലികമായി പുനരധിവസിപ്പിക്കും. ഇതിനായി കെഎസ്ഇബിയുടെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകളിലേക്കാണ് ഇവരെ മാറ്റുക. വീടുകൾ പൂർണ്ണമായും നഷ്ടപ്പെട്ട എട്ട് വീട്ടുകാർക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകുന്നത്. ഇതിനുശേഷം അപകട മേഖലയിൽ കഴിയുന്ന എല്ലാ കുടുംബങ്ങളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സബ് കളക്ടർ അറിയിച്ചു.

ക്യാമ്പുകൾ എത്രയും പെട്ടെന്ന് പിരിച്ചുവിട്ട് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള നടപടിയാണ് ഇപ്പോൾ നടക്കുന്നതെന്നും വി എം ആര്യ കൂട്ടിച്ചേർത്തു. അതേസമയം, മണ്ണിടിച്ചിലുണ്ടായ അടിമാലി കൂമ്പൻപാറയിൽ ഒരു നിർമ്മാണ പ്രവർത്തനവും നടന്നിരുന്നില്ലെന്ന് ദേശീയ പാതാ അതോറിറ്റി (എൻഎച്ച്എഐ) വിശദീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *