റീ റിലീസിന് തയാറെടുത്ത് മമ്മൂട്ടി തകർത്തഭിനയിച്ച ജനപ്രിയ ചിത്രം അമരം. ഭരതൻറെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി 1991 ലാണ് ക്ലാസിക് ചിത്രം അമരം പുറത്തിറങ്ങിയത്. ചിത്രം റീ റിലീസിന് തയ്യാറെടുക്കുന്നതായ റിപ്പോർട്ടുകൾ നേരത്തേ എത്തിയിരുന്നെങ്കിലും ചിത്രം എപ്പോൾ കാണാനാവുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നേരിട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രത്തിൻറെ റീ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബർ 7 ന് ചിത്രം തിയറ്ററുകളിൽ എത്തും.
മമ്മൂട്ടിയും മുരളിയും അശോകനും മാതുവുമൊക്കെ മത്സരിച്ചഭിനയിച്ച ചിത്രമാണ് അമരം. മമ്മൂട്ടിയെന്ന അഭിനയ പ്രതിഭയുടെ ഏറ്റവും ശ്രദ്ധേയമായ പത്ത് കഥാപാത്രങ്ങളെ എടുത്താൽ അതിൽ അമരത്തിലെ അച്ചൂട്ടി ഉണ്ടാവും. 34 വർഷങ്ങൾക്കു ശേഷം അച്ചൂട്ടിയും അച്ചൂട്ടിയുടെ മകൾ മുത്തും വീണ്ടും തിയറ്ററുകളിൽ എത്തുന്നത് 4 കെ മികവിൽ മികച്ച ദൃശ്യ വിരുന്നോടെയാണ്. മമ്മൂട്ടിയെന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു അമരം. ചെമ്മീനിനു ശേഷം മലയാളത്തിൽ കടലിന്റെ പശ്ചാലത്തിൽ കഥ പറഞ്ഞ മനോഹര ചിത്രം. ലോഹിതദാസിന്റെ തിരക്കഥയിലാണ് മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ആയിരുന്ന ഭരതൻ ചിത്രമൊരുക്കിയത്. വിഖ്യാത ഛായാഗ്രാഹകൻ മധു അമ്പാട്ടിന്റെ ക്യാമറക്കണ്ണിലൂടെയാണ് മലയാളികൾ ഈ ദൃശ്യകാവ്യം കണ്ടത്.
കടലും തിരകളും തീരവും അവിടുത്തെ മനുഷ്യരും മറക്കാനാവാത്ത കാഴ്ചകളും കഥയുമായി നമുക്ക് മുന്നിൽ നിറയുകയായിരുന്നു കാലാതിവർത്തിയായ ഈ ഭരതൻ ചിത്രത്തിലൂടെ. ബാബു തിരുവല്ലയാണ് മലയാളികൾക്ക് എക്കാലവും ഓർമ്മിക്കാവുന്ന ഈ ക്ലാസിക്ക് ചിത്രത്തിൻ്റെ നിർമ്മാതാവ്. ചലച്ചിത്ര കലാസംവിധായകൻ എന്ന നിലയിൽ മലയാളികളുടെ അഭിമാനമായ സാബു സിറിൾ എന്ന പ്രതിഭാശാലിയായ ആർട്ട് ഡയറക്ടറുടെ കരവിരുതും കൈയ്യൊപ്പും നമുക്ക് കണ്ടറിയാനാകും ചിത്രത്തിൽ ഉടനീളം. കടൽ തിരകൾ പോലെ വെൺനുര നിറയുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും അമരത്തിൻറെ പ്ലസ് ആണ്. രവീന്ദ്ര സംഗീതത്തിൻ്റെ മാസ്മര ഭാവങ്ങളാണ് ചിത്രത്തിലെ ഗാനങ്ങളിൽ നിറയുന്നതെങ്കിൽ ജോൺസൺ മാഷിൻ്റെ പശ്ചാത്തല സംഗീതവും കൈതപ്രത്തിന്റെ വരികളും ഒപ്പം ചേർന്ന് സൃഷ്ടിച്ചത് ഒരു മാജിക് ആണ്. ചിത്രം കേരളത്തിൽ തിയറ്ററുകളിൽ എത്തിക്കുന്നത് ഫിയോക് ആണ്. ഓവർസീസിൽ വിതരണം ഏറ്റെടുത്തിരിക്കുന്നത് സൈബർ സിസ്റ്റംസ്. പി ആർ ഒ മഞ്ജു ഗോപിനാഥ്.
