മലയാള സിനിമയോടുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞ് നടൻ വിഷ്ണു വിശാൽ. നിരവധി മലയാള സിനിമകൾ കാണുന്ന വ്യക്തിയാണ് താനെന്നും, ഫഹദ് ഫാസിലിന്റെയും ബേസിൽ ജോസഫിന്റെയുമെല്ലാം ചിത്രങ്ങൾ താൻ ഒരുപാട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ആര്യൻ’ സിനിമയുടെ പ്രസ്സ് മീറ്റിലാണ് വിഷ്ണു വിശാൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
“ഞാൻ ഒരുപാട് മലയാളം സിനിമകൾ കാണുന്ന ഒരു വ്യക്തിയാണ്. RDX ഒരു ഗംഭീര ആക്ഷൻ ചിത്രമായിരുന്നു… പിന്നെ ഫഹദിന്റെ ആവേശം, ബേസിൽ ജോസഫിന്റെ സിനിമകൾ കാണാറുണ്ട്. ഫാലിമി, സൂക്ഷ്മദർശിനി, കൂടാതെ മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് കണ്ടിരുന്നു. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എന്റെ ഈ സിനിമയിൽ കുറച്ച് സീൻസ് ചെയ്തിട്ടുണ്ട്. ടൊവിനോയുടെ ARM, ഗുരുവായൂർ അമ്പലനടയിൽ, ജയ ജയ ജയ ജയ ഹേ എന്നിങ്ങനെ സിനിമകൾ കണ്ടിട്ടുണ്ട്.”, വിഷ്ണു വിശാൽ പറഞ്ഞു.
വിഷ്ണു വിശാലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ആര്യൻ’ ഒരു പക്കാ ത്രില്ലർ ഇൻവെസ്റ്റിഗേഷൻ മൂഡിലാണ് ഒരുങ്ങുന്നത്. നിരവധി കൊലപാതകങ്ങളും അതിന് പിന്നാലെ പോകുന്ന വിഷ്ണു വിശാലിന്റെ പോലീസ് കഥാപാത്രവുമാണ് സിനിമയുടെ ഇതിവൃത്തം എന്ന സൂചനയാണ് ടീസർ നൽകുന്നത്. പ്രവീൺ കെ ആണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. ഒക്ടോബർ 31-ന് ചിത്രം പുറത്തിറങ്ങും. ഹരീഷ് കണ്ണനാണ് ഡിഒപി. സംഗീതം – ജിബ്രാൻ, എഡിറ്റർ – സാൻ ലോകേഷ്, സ്റ്റണ്ട്സ് – സ്റ്റണ്ട് സിൽവ, പിസി സ്റ്റണ്ട്സ് പ്രഭു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
