Home » Blog » Kerala » “മന്ത്രിസ്ഥാനത്ത് എത്താൻ ഒരു പോരാട്ടവും നടത്തിയിട്ടില്ല, ജനങ്ങൾക്ക് സ്വൈര്യ ജീവിതം ഒരുക്കും” ; രമേശ് ചെന്നിത്തല
11

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും പ്രതീക്ഷ നൽകുന്നതാകും ഭരണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങൾക്ക് സ്വൈര്യ ജീവിതം ഒരുക്കും. മന്ത്രിസ്ഥാനത്ത് എത്താൻ ഒരു പോരാട്ടവും നടത്തിയിട്ടില്ല. മുഖ്യമന്ത്രി ഇഷ്ടമുള്ള വകുപ്പ് തെരഞ്ഞെടുത്തോളാനാണ് പറഞ്ഞത്. ജനങ്ങൾക്ക് സന്തോഷമായി ജീവിക്കാനുള്ള ഉത്തരവാദിത്തമാണ് തനിക്കുള്ളത്. എല്ലാവരേയും പരിഗണിക്കാൻ കഴിയാത്തതിലെ പ്രയാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാർട്ടി എനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട്. ഇരുപത്തിയെട്ടാം വയസിൽ മന്ത്രിയായി. പാർട്ടി ഏൽപ്പിച്ച ഏത് ദൗത്യവും നിർവഹിക്കും. ആദ്യം മന്ത്രിസഭയിൽ ചേരേണ്ട എന്നായിരുന്നു തീരുമാനം. പാർട്ടി നിർബന്ധിച്ച് കൊണ്ടാണ് മന്ത്രിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം ശുഭമായി വരുമെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു. സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും യുഡിഎഫ് സര്‍ക്കാരിന് ആശംസകൾ നേര്‍ന്നു.

പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് നിയുക്ത മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു. ഏൽപ്പിച്ച എല്ലാ കാര്യങ്ങളും നല്ല രീതിയിൽ നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ആത്മാർഥമായി നിർവഹിക്കുമെന്ന് നിയുക്ത മന്ത്രി കെ.എ തുളസി പറഞ്ഞു. മന്ത്രിസഭയിൽ ഉൾപ്പടെ വനിതകൾക്ക് വലിയ പങ്കാളിത്തം പാർട്ടി നൽകിയിട്ടുണ്ട്. 25 വർഷം എൽഡിഎഫിന്‍റെ കൈയിൽ ഇരുന്ന സീറ്റ്‌ കഠിന പ്രയത്നത്തിലൂടെയാണ് പിടിച്ചെടുത്തത് എന്ന് തുളസിയുടെ ഭർത്താവും പാലക്കാട് എംപിയുമായ വി.കെ ശ്രീകണ്ഠൻ പറഞ്ഞു.