Your Image Description Your Image Description

കോഴിക്കോട്: ഡിസംബര്‍ 26 മുതല്‍ 29 വരെ നടക്കുന്ന മൂന്നാമത്
ബേപ്പൂർ അന്താരാഷ്ട്ര   വാട്ടര്‍ ഫെസ്റ്റിവലിനായി ഒരുക്കുന്നത് ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍.
നാല് എസിപിമാരുടെ കീഴിലായി 640 പോലീസ് ഉദ്യോഗസ്ഥരെ ബേപ്പൂർ ഫെസ്റ്റിന്റെ സുരക്ഷക്കായി  നിയോഗിക്കും.

മുൻ വര്‍ഷത്തെപ്പോലെ  ഇത്തവണയും  ആയിരങ്ങൾ
ബേപ്പൂർ ഫെസ്റ്റ്   കാണാനായി എത്തിച്ചേരുമെന്നതിനാൽ പഴുതടച്ച സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്. മുഴുവൻ സമയ നിരീക്ഷണത്തിനായി രണ്ട് ഡ്രോൺ ക്യാമറകൾ ഉപയോഗിക്കും. കൂടാതെ 57 സി സി ടി വി ക്യാമറകളും
സ്ഥാപിക്കും.

പോലീസിന് പുറമെ മുന്നോറോളം സന്നദ്ധ സംഘടനാ വളന്റിയർമാരെയും  നിയോഗിക്കും. പാർക്കിംഗ് കേന്ദ്രങ്ങളുൾപ്പടെ 37 സ്ഥലങ്ങളിൽ  അനൗൺസ്മെന്റ് കേൾക്കാനുള്ള സ്പീക്കറുകൾ സുരക്ഷയുടെ ഭാഗമായി സ്ഥാപിക്കും.

സമീപ പ്രദേശങ്ങളിൽ നിന്നുള്‍പ്പെടെ സ്ത്രീകളും കുട്ടികളും   എത്തുന്നതിനാല്‍ മികച്ച രീതിയിലുള്ള  സൗകര്യങ്ങളും  ഏര്‍പ്പെടുത്തും.
ഗതാഗത കുരുക്കുകൾ  ഒഴിവാക്കാനായി പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസിനെ വിന്യസിക്കും.

പരിപാടി നടക്കുന്ന കേന്ദ്രങ്ങളിൽ വാഹനങ്ങളുടെ പാര്‍ക്കിങ്ങിന്  വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.
വാഹനങ്ങൾ പാർക്കിംഗ് ചെയ്യാനായി മൊത്തം 14 പാർക്കിംഗ് മൈതാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഏകദേശം 2225 വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാനാകും.

അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് ബേപ്പൂരിലും ഒരു യൂണിറ്റ് ചാലിയത്തും നിലയുറപ്പിക്കും.
അഞ്ച്  ആംബുലന്‍സുകൾ ബേപ്പൂരിലും രണ്ട് ആംബുലൻസ് ചാലിയത്തും  ഏർപ്പെടുത്തും. കൂടാതെ വാട്ടർ ആംബുലൻസ് സൗകര്യവുമുണ്ടാകും.

ബേപ്പൂരിൽ നിന്ന് ചാലിയത്ത് എത്താനായി
ഒരു ജങ്കാർ സർവ്വീസ് ഏർപ്പെടുത്തും.  നേരത്തെയുള്ളതിന് പകരം പുതിയ ജങ്കാറാണ് ഉപയാഗിക്കുക.
ചാലിയം മുതൽ ബേപ്പൂർ വരെയുള്ള യാത്രക്കായി മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾ  ഷട്ടിൽ സർവ്വീസ് നടത്തും.
അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനായി മൂന്ന് സ്പീഡ് ബോട്ടുകളും ഫീഷറീസിന്റെ ഒരു ബോട്ടും
ഒരുക്കിനിർത്തും.

സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ    ഫറോക്ക്  എസിപി
എ എം സിദ്ദീഖിനെ ചുമതലപ്പെടുത്തി.
സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടർ, ടൂറിസം സെക്രട്ടറി, ഡെപ്യൂട്ടി കലക്ടർ, സബ് കലക്ടർ, പോലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉന്നത  ഉദ്യോഗസ്ഥർ പരിപാടി നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.

ക്രിസ്മസ് അവധിക്കാലമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ
നിരവധിയാളുകൾ പരിപാടികൾ ആസ്വദിക്കാനായി എത്തിച്ചേരുമെന്നാണ്   പ്രതീക്ഷിക്കുന്നത്.

ബേപ്പൂർ ബീച്ചിന് പുറമെ ചാലിയാറിന്റെ തീരത്തും
മറീന ബീച്ചിലും ഫറോക്ക് നല്ലൂർ സ്റ്റേഡിയത്തിലും കോഴിക്കോട് ബീച്ചിലുമായാണ് ഇത്തവണ ഫെസ്റ്റ് അനുബന്ധ പരിപാടികൾ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *