വി.ഡി സതീശൻ സർക്കാരിലെ മുസ്ലിം ലീഗിന്റെ മന്ത്രിമാരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദീൻ, കെ.എം ഷാജി, പി.കെ ബഷീർ, വി.ഇ അബ്ദുൽ ഗഫൂർ എന്നിവരാണ് ലീഗിൽ നിന്ന് മന്ത്രിമാരാകുന്നത്. മലപ്പുറത്ത് വെച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്നാണ് വാർത്താസമ്മേളനത്തിൽ മന്ത്രിമാരുടെ പേര് വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്.
മന്ത്രിസഭയിൽ ഇത്തവണ ലീഗ് അംഗങ്ങൾക്ക് ടേം വ്യവസ്ഥയും ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ രണ്ടര വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ പാറക്കൽ അബ്ദുള്ള മന്ത്രിസഭയിലേക്ക് കടന്നുവരുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. ആ സമയത്ത് നിലവിലുള്ള അഞ്ച് മന്ത്രിമാരിൽ ആരാണ് മാറേണ്ടതെന്ന കാര്യം അപ്പോൾ തീരുമാനിക്കുമെന്നും ലീഗ് ഉന്നതാധികാര സമിതി അറിയിച്ചു. ലീഗ് മന്ത്രിമാർ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ മുഖ്യമന്ത്രി പിന്നീട് പ്രഖ്യാപിക്കുമെങ്കിലും, 2011-ല ലഭിച്ചതുപോലെയുള്ള പ്രധാന വകുപ്പുകൾ ഇത്തവണയും പാർട്ടിക്ക് ലഭിച്ചേക്കുമെന്നാണ് വിവരം. എന്നാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുത്തേക്കാൻ സാധ്യതയുണ്ട്.
അവസാന നിമിഷം പാർട്ടിയിലുണ്ടായ കടുത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്. പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ ഗഫൂർ, പാറക്കൽ അബ്ദുള്ള എന്നിവരെയായിരുന്നു കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ എറനാട് എം.എൽ.എയായ പി.കെ ബഷീറിനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി പാർട്ടി അണികളും സോഷ്യൽ മീഡിയയും രംഗത്തെത്തുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തു. ഇതേതുടർന്നാണ് പാറക്കൽ അബ്ദുള്ളയ്ക്ക് പകരം ആദ്യ ടേമിൽ പി.കെ ബഷീറിനെ ഉൾപ്പെടുത്താൻ ലീഗ് നേതൃത്വം നിർബന്ധിതരായത്.
വി.ഇ അബ്ദുൽ ഗഫൂറിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെയും പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തുവന്നിരുന്നു. എന്നാൽ പാണക്കാട് കുടുംബത്തിന്റെ ശക്തമായ പിന്തുണയും സമ്മർദ്ദവും അബ്ദുൽ ഗഫൂറിന് അനുകൂലമായി മാറുകയായിരുന്നു. തർക്കങ്ങൾക്കും നാടകീയ നീക്കങ്ങൾക്കും ഒടുവിൽ സമവായ ഫോർമുലയോടെയാണ് ലീഗ് തങ്ങളുടെ മന്ത്രിമാരുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
