കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും പാർട്ടി ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും കെ. സുധാകരൻ. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ച ഹൈക്കമാൻഡ് തീരുമാനത്തിൽ തനിക്ക് പൂർണ്ണ സംതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ നിലവിൽ എന്തെങ്കിലും അതൃപ്തികളുണ്ടെങ്കിൽ അവ വരുംദിവസങ്ങളിൽ നിശബ്ദമാകും. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് നേതൃത്വം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി താൻ രമേശ് ചെന്നിത്തലയെ നേരിൽ കാണുമെന്നും സുധാകരൻ അറിയിച്ചു.
പാർട്ടിക്കുള്ളിൽ തന്റെ പേരോ വേണുഗോപാലിന്റെയോ ചെന്നിത്തലയുടെയോ പേരോ പറഞ്ഞ് പ്രത്യേക ഗ്രൂപ്പുകളില്ല. പുതിയ മുഖ്യമന്ത്രിക്ക് തന്റെ പൂർണ്ണ പിന്തുണയുണ്ടാകും. പാർട്ടിയുടെ ഏത് തീരുമാനത്തിനൊപ്പവും ശക്തമായ വക്താവായി താൻ നിലകൊള്ളും. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ നൽകണമോ എന്ന കാര്യത്തിൽ ഹൈക്കമാൻഡാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. കെ.സി. വേണുഗോപാലും വി.ഡി. സതീശനും പാർട്ടിയുടെ രണ്ട് തൂണുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ പാരമ്പര്യം പാർട്ടിക്ക് ഇനിയും ആവശ്യമാണ്. അദ്ദേഹം നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് മാറിനിൽക്കുമെന്ന് കരുതുന്നില്ലെന്നും സുധാകരൻ പറഞ്ഞു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഹൈക്കമാൻഡിനെ അറിയിക്കുമെന്നും എല്ലാവരെയും പരിഗണിച്ചുകൊണ്ടുള്ള തീരുമാനമാകും ഉണ്ടാകുകയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
