IMG-20251026-WA0016

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സൃഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ വേഷത്തിലൂടെ മായാത്ത മുദ്ര പതിപ്പിക്കാൻ ഒരുങ്ങുകയാണ് ആർ. മാധവൻ. മാധവനെ നായകനാക്കി നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജി.ഡി.എൻ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. പോസ്റ്ററിൽ ജി.ഡി നായിഡുവിൻ്റെ വേഷത്തിലുള്ള മാധവനെ കാണാം. “റോക്കട്രി: ദി നമ്പി ഇഫക്റ്റ്” എന്ന ചിത്രത്തിന് 2022ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം, വർഗീസ് മൂലൻ പിക്‌ചേഴ്‌സും, ട്രൈകളർ ഫിലിംസും, മീഡിയ മാക്സ് എന്റർടൈൻമെന്റസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മാധവനെ കൂടാതെ പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല ,കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ തുടങ്ങിയവരും അഭിനയിക്കുന്നു. വർഗീസ് മൂലൻസ് ഗ്രൂപ്പിൻ്റെ നാൽപതാം വാർഷികത്തിൻ്റെ വേദിയിലാണ് പോസ്റ്റർ റിലീസ് ചെയ്തത്.

വർഗീസ് മൂലൻ, വിജയ് മൂലൻ, ആർ. മാധവൻ, സരിത മാധവൻ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിൽ സോണൽ പണ്ടേ,സഞ്ജയ് ബെക്ടർ എന്നിവർ സഹനിർമാതാക്കളാവുന്നു. ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്തയാണ്. ‘ഇന്ത്യയുടെ എഡിസൺ’, ‘കോയമ്പത്തൂരിന്റെ സാമ്പത്തിക സ്രഷ്ടാവ്’ എന്നുള്ള പേരിൽ അറിയപ്പെട്ടിരുന്ന പ്രശസ്ത ശാസ്ത്രജ്ഞനും ദേശീയ നായകനുമായ, ജി. ഡി നായിഡുവിന്റെ ജന്മസ്ഥലമായ കോയമ്പത്തൂരിലാണ് ചിത്രതിൻ്റെ ഇന്ത്യൻ ഷെഡ്യൂൾ പൂർത്തിയാക്കിയത്. തമിഴിൽ ചിത്രീകരിക്കുന്ന സിനിമ തമിഴ് കൂടാതെ ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഛായാഗ്രാഹകനും ക്രിയേറ്റീവ് പ്രൊഡ്യൂസറുമായി അരവിന്ദ് കമലനാഥൻ നിർവഹിക്കുമ്പോൾ മുരളീധരൻ സുബ്രഹ്മണ്യം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആവുന്നു. പ്രമോഷൻ കൺസൾട്ടൻ്റ്: മിഥുൻ മുരളി, ഡിജിറ്റൽ മാർക്കറ്റിംഗ്: ലിറ്റിൽ ഫ്രെയിംസ് എൻ്റർടെയ്ൻമെൻ്റ്, വാർത്ത പ്രചരണം: പി.ശിവപ്രസാദ്

Leave a Reply

Your email address will not be published. Required fields are marked *