ന്യൂഡൽഹി: ആഗോളതലത്തിൽ ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോഗം കുറയ്ക്കുന്നതിനായുള്ള കേന്ദ്ര നിർദേശങ്ങൾക്ക് പിന്നാലെ നിർണായക പ്രഖ്യാപനവുമായി ഡൽഹി സർക്കാർ. നഗരത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ ആഴ്ചയിൽ രണ്ടുദിവസം വർക്ക് ഫ്രം ഹോം അനുവദിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി രേഖാ ഗുപ്ത അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ആഗോള ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും ആഭ്യന്തര വിപണിയിലെ വിലക്കയറ്റവും പ്രതിരോധിക്കാൻ പൗരന്മാർ ഒത്തൊരുമിച്ച് നിൽക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് ഡൽഹിയുടെ ഈ നടപടി.
വാഹനങ്ങളുടെ അനാവശ്യ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഇന്ധന ലാഭമുണ്ടാക്കുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. വിദേശയാത്രകളും വിദേശത്തെ വിവാഹാഘോഷങ്ങളും ഒരു വർഷത്തേക്ക് ഒഴിവാക്കുക, പെട്രോൾ-ഡീസൽ വാഹനങ്ങൾക്ക് പകരം പൊതുഗതാഗതമോ ഇലക്ട്രിക് വാഹനങ്ങളോ ഉപയോഗിക്കുക തുടങ്ങിയ കർശന നിർദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. കൂടാതെ, സ്വർണ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി സ്വർണ്ണം വാങ്ങുന്നത് പരമാവധി ഒഴിവാക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ ആദ്യപടിയെന്നോണമാണ് രാജ്യതലസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത്.
അതേസമയം, പ്രധാനമന്ത്രിയുടെ ചെലവുചുരുക്കൽ നിർദേശങ്ങൾക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിന്റെ തെളിവാണ് ഇത്തരം നിർദേശങ്ങളെന്ന് കോൺഗ്രസ് ആരോപിച്ചു. നയപരമായ പരാജയങ്ങൾ മറച്ചുവെക്കാനാണ് ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ഭരണപരാജയത്തിന്റെ ആഘാതം സാധാരണക്കാരുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണിതെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. എന്നാൽ, അസാധാരണമായ ആഗോള സാഹചര്യങ്ങളെ നേരിടാൻ ഇത്തരം മുൻകരുതലുകൾ അനിവാര്യമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
