1980-81 സീസണിൽ ടീം ഇന്ത്യയ്ക്കായി ഒരു ടെസ്റ്റും ആറ് ഏകദിനങ്ങളും കളിച്ച മുൻ ഫാസ്റ്റ് ബൗളറാണ് യോഗ്രാജ് സിംഗ്. ഇന്ത്യ ഇതുവരെ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരനായി യോഗ്രാജ് സിംഗ് തിരഞ്ഞെടുത്തത് ഒരു മുൻ ഓൾറൗണ്ടറെയാണ്. ഈ തിരഞ്ഞെടുപ്പിനായി വിരാട് കോഹ്ലിയെയും സച്ചിൻ ടെണ്ടുൽക്കറെയും അദ്ദേഹം പരിഗണിച്ചില്ല. യോഗ്രാജിന്റെ അഭിപ്രായത്തിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച കളിക്കാരൻ മറ്റാരുമല്ല, അത് അദ്ദേഹത്തിന്റെ മകൻ യുവരാജ് സിംഗ് ആണ്.
അന്താരാഷ്ട്ര കരിയർ ഹ്രസ്വമായിരുന്ന പിതാവിൽ നിന്ന് വ്യത്യസ്തമായി, യുവരാജ് 2000 മുതൽ 2017 വരെ ടീം ഇന്ത്യയെ പ്രതിനിധീകരിച്ചു. അദ്ദേഹം 40 ടെസ്റ്റുകളിലും, 304 ഏകദിനങ്ങളിലും, 58 ടി20കളിലും കളിച്ചു. എല്ലാ ഫോർമാറ്റുകളിൽ നിന്നുമായി 11,000-ൽ അധികം റൺസ് നേടിയ യുവരാജ്, 148 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. എം.എസ്. ധോണിയുടെ നേതൃത്വത്തിൽ 2007-ലെ പ്രഥമ ടി20 ലോകകപ്പും 2011-ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമുകളിൽ യുവരാജ് സിംഗ് നിർണായക അംഗമായിരുന്നു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരൻ ആരാണെന്ന ചോദ്യത്തിന് യോഗ്രാജ് സിംഗ് മറുപടി നൽകിയത് ഇങ്ങനെയാണ്, “ഓൾറൗണ്ടർമാരെക്കുറിച്ച് പറയുകയാണെങ്കിൽ കപിൽ ദേവ്. ബാറ്റ്സ്മാൻമാരെക്കുറിച്ച് പറയുകയാണെങ്കിൽ, നിങ്ങൾക്ക് യുവരാജ് സിംഗ്, സച്ചിൻ ടെണ്ടുൽക്കർ, വി.വി.എസ് ലക്ഷ്മൺ, സൗരവ് ഗാംഗുലി – ഇവരെല്ലാം ഉണ്ട് – പക്ഷേ എൻ്റെ അഭിപ്രായത്തിൽ യുവരാജ് എല്ലാവരിലും മുന്നിലാണ്”, അദ്ദേഹം പറഞ്ഞു.
