ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. ഇരട്ടക്കൊലപാതകം നടത്തിയ പ്രതി സജി, എട്ട് വർഷം മുമ്പ് കാണാതായ തന്റെ പിതാവ് മാത്യുവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയതായാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ സജിയുടെ പുരയിടം കേന്ദ്രീകരിച്ച് പോലീസ് കുഴിച്ചുള്ള തെളിവെടുപ്പ് ആരംഭിച്ചു. 2018 മാർച്ചിലാണ് മാത്യുവിനെ അവസാനമായി കാണാതായത്. അമ്മ മേരിക്കുട്ടിയെയും മകൻ റെജിയെയും കൊലപ്പെടുത്തിയ കേസിൽ സജിയെ ചോദ്യം ചെയ്തപ്പോഴാണ് പഴയ തിരോധാനത്തിന് പിന്നിലെ ക്രൂരതയെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചത്.
അമ്മയെയും സഹോദരനെയും താൻ തനിച്ചാണ് കൊലപ്പെടുത്തിയതെന്ന് സജി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ നാലിന് രാത്രി മദ്യപിച്ചെത്തിയ സജിയും റെജിയും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. റെജിയെ ക്രൂരമായി മർദ്ദിച്ച ശേഷം ഷൂസിട്ട കാൽ കൊണ്ട് കഴുത്തിൽ ചവിട്ടിപ്പിടിക്കുകയും തോർത്ത് മുറുക്കി മരണം ഉറപ്പാക്കുകയുമായിരുന്നു. ഈ ദൃശ്യം കണ്ടുനിന്ന അമ്മ മേരിക്കുട്ടിയെയും ക്രൂരമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയത്. വിവാഹത്തിന് തടസ്സം നിന്നതും സ്വത്ത് തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്ന് സജി മൊഴി നൽകി. രണ്ട് ദിവസത്തിന് ശേഷം മൃതദേഹങ്ങൾ പറമ്പിൽ കുഴിച്ചുമൂടിയ പ്രതി ഒന്നുമറിയാത്ത പോലെ വീട്ടിൽ തന്നെ തുടരുകയായിരുന്നു. പിതാവിന്റെ കാര്യത്തിൽ കൂടി വ്യക്തത വരുന്നതോടെ കേസ് കൂടുതൽ ഗൗരവകരമായ തലത്തിലേക്ക് നീങ്ങുകയാണ്.
