images (42)

സംസ്ഥാനത്തെ പൊതു-സ്വകാര്യസ്ഥാപനങ്ങള്‍, പൊതുവിടങ്ങള്‍ എന്നിവയിലെ ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ മികവ് വിലയിരുത്തുന്നതിനായി ‘ഗ്രീന്‍ ലീഫ് റേറ്റിങ് സിസ്റ്റം’ ഒരുങ്ങുന്നു. റേറ്റിങ് സിസ്റ്റത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 29ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പു മന്ത്രി എം.ബി.രാജേഷ് നിര്‍വഹിക്കും.

തദ്ദേശ ഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യം, വനിത-ശിശുവികസനം, ഗതാഗതം, വിനോദസഞ്ചാരം തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുജനസമ്പര്‍ക്കം കൂടുതലുള്ളതും മാലിന്യം കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നതുമായ സ്ഥലങ്ങളാണ് റേറ്റിങ്ങിന് വിധേയമാകുന്നത്.

ആദ്യ ഘട്ടത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥപാനങ്ങള്‍, ഹോസ്റ്റലുകള്‍, അങ്കണവാടികള്‍, ബസ് ഡിപ്പോകള്‍, ടൗണുകള്‍ എന്നിവയിലാണ് റേറ്റിങ് നടപ്പാക്കുന്നത്. രണ്ടാം ഘട്ടമായി സ്വകാര്യ സ്ഥാപനങ്ങളിലും സംരംഭങ്ങളിലും റേറ്റിങ് നടക്കും.

മലിന ജലസംസ്‌കരണം, കക്കൂസ് മാലിന്യ സംസ്‌കരണം, ഖരമാലിന്യ സംസ്‌കരണം, ശുചിമുറികള്‍, ഗ്രീന്‍ പ്രോട്ടോക്കോളും ബോധവത്കരണവും എന്നിവയാണ് റേറ്റിങ്ങിന് പരിഗണിക്കുന്ന ഘടകങ്ങള്‍.

ഓരോ ഘടകത്തിലും കുറഞ്ഞത് 60% മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ റേറ്റിങ് ലഭിക്കൂ. മികച്ച റേറ്റിംഗ് നേടുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തിലുള്ള അവാര്‍ഡുകള്‍ നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഗ്രേഡിങ്ങിന് ഈ റേറ്റിങ് വെയിറ്റേജ് നല്‍കി പരിഗണിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *