Home » Blog » Kerala » കോടിയേരി ബാലകൃഷ്‌ണന്റെ വീട്ടിലെത്തി ടി.കെ ഗോവിന്ദൻ; “മ്യൂസിയം കാണാനും കോടിയേരിയുടെ ഓർമകൾ പങ്കുവെക്കാനും ആര് വന്നാലും ഞാൻ സ്വീകരിക്കും, പാർട്ടി അണികൾ വിമർശിച്ചാൽ അത് തന്നെ ബാധിക്കില്ല”; വിനോദിനി
19

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ മികച്ച വിജയം നേടിയതിന് പിന്നാലെ കോടിയേരി ബാലകൃഷ്ണൻറെ വീട്ടിലെത്തി ടി.കെ ഗോവിന്ദൻ. ഭാര്യ കെ.പി. രമണിക്കൊപ്പമാണ് ഗോവിന്ദൻ കോടിയേരിയുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഗോവിന്ദനെ കോടിയേരിയുടെ ഭാര്യ വിനോദിനിയും മക്കളും ചേർന്ന് സ്വീകരിച്ചു. കോടിയേരിയുടെ പേരിലൊരുക്കിയ മ്യൂസിയവും അദ്ദേഹം സന്ദർശിച്ചു.

ടി.കെ. ഗോവിന്ദനെ ‘വർഗ വഞ്ചകൻ’ എന്ന് പാർട്ടി മുദ്രകുത്തിയതിനോട് തനിക്ക് യോജിപ്പില്ലെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ പറഞ്ഞു. ‘ഞാൻ ഒരാളെയും അങ്ങനെ വിളിക്കില്ല, ഒരിക്കലുമില്ല’ എന്നായിരുന്നു അവരുടെ പ്രതികരണം. തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ നേടിയ വിജയത്തിൽ താൻ എന്തിനാണ് സങ്കടപ്പെടുന്നതെന്ന് വിനോദിനി ചോദിച്ചു. ജനങ്ങൾ വോട്ട് നൽകി വിജയിപ്പിച്ച ഒരാളുടെ വിജയത്തെയും ജനവിധിയെയും താൻ മാനിക്കുന്നുവെന്നും, അല്ലാതെ അദ്ദേഹം സ്വയം വിജയിയായി പ്രഖ്യാപിച്ചതല്ലെന്നും അവർ പറഞ്ഞു.

തന്റെ വീട്ടിൽ ആര് വന്നാലും സ്നേഹത്തോടെ സ്വീകരിക്കുമെന്നും, ഞങ്ങളോടുള്ള ഇഷ്ടം കൊണ്ട് വരുന്നവരെ മടക്കി അയക്കാറില്ലെന്നും വിനോദിനി വ്യക്തമാക്കി. പാർട്ടിയുമായി വർഷങ്ങളായി ബന്ധമുള്ള ഒരാളാണ് അദ്ദേഹം. ഡൽഹിയിൽ ഉൾപ്പെടെ ഒരു വർഷത്തോളം ഒന്നിച്ച് താമസിച്ച ബന്ധമുണ്ട്. അങ്ങനെയുള്ള ഒരാൾ വീട്ടിൽ വരുമ്പോൾ മാറ്റി നിർത്താൻ തനിക്കാവില്ലെന്നും വിനോദിനി കൂട്ടിച്ചേർത്തു.

കോടിയേരി ബാലകൃഷ്ണൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ടി.കെ. ഗോവിന്ദന് പാർട്ടിയുടെ പുറത്തേക്ക് പോകേണ്ട സാഹചര്യം ഉണ്ടാവില്ലായിരുന്നു എന്നാണ് തന്റെ വിശ്വാസമെന്നും വിനോദിനി പറഞ്ഞു. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും അത് തടയുമായിരുന്നു. താൻ വീട്ടിലിരിക്കുന്ന ആളായതിനാൽ പാർട്ടിക്കുള്ളിലെ ഇപ്പോഴത്തെ കാര്യങ്ങളെക്കുറിച്ച് കൂടുതൽ സംസാരിക്കാനില്ലെന്നും എന്നാൽ കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരാളെ സ്വീകരിച്ചതിന്റെ പേരിൽ പാർട്ടി അണികൾ വിമർശിച്ചാൽ അത് തന്നെ ബാധിക്കില്ലെന്നും അവർ ആവർത്തിച്ചു. താൻ നിർമിച്ച മ്യൂസിയം കാണാനും കോടിയേരിയുടെ ഓർമകൾ പങ്കുവെക്കാനും ആര് വന്നാലും ഇതേ നിലപാട് തന്നെയായിരിക്കും തുടരുകയെന്നും അവർ വ്യക്തമാക്കി.

ഈ സന്ദർശനം പൂർണമായും വ്യക്തിപരമായ ഒന്നായിരുന്നുവെന്ന് കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരിയും പ്രതികരിച്ചു. ടി.കെ. ഗോവിന്ദനുമായി കുടുംബത്തിനുള്ള ദീർഘകാലത്തെ ആത്മബന്ധത്തിന്റെ ഭാഗമായാണ് അദ്ദേഹം എത്തിയതെന്നും ഇതിൽ രാഷ്ട്രീയപരമായ വ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ലെന്നും ബിനീഷ് കൂട്ടിച്ചേർത്തു. വർഷങ്ങളായി തുടരുന്ന വ്യക്തിബന്ധം നിലനിർത്തുന്നതിൽ രാഷ്ട്രീയ വിയോജിപ്പുകൾ തടസ്സമാവില്ലെന്ന നിലപാടാണ് കുടുംബം സ്വീകരിച്ചത്.

നേരത്തെ സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ, പാർട്ടി നടപടി നേരിട്ടതിനെത്തുടർന്നാണ് സിപിഎമ്മുമായി അകന്നത്. പിന്നീട് തളിപ്പറമ്പ് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുകയും യുഡിഎഫ് പിന്തുണയോടെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കെയാണ് അദ്ദേഹം കോടിയേരിയുടെ വീട്ടിലെത്തിയത്.