Home » Blog » Kerala » “വര്‍ഗീയവാദികള്‍ക്കെതിരായ പരാമര്‍ശങ്ങളില്‍ തെറ്റ് പറ്റിയിട്ടില്ല, തോല്‍വിയുടെ കാരണം പരിശോധിക്കും”; എ.കെ ബാലന്‍
15

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയമായ പരാജയത്തിന് പിന്നാലെ തോൽവിയുടെ കാരണം പരിശോധിക്കുമെന്ന് എ.കെ ബാലൻ. വർഗീയ വാദികൾക്ക് എതിരായ പരാമർശങ്ങളിൽ തെറ്റ് പറ്റിയിട്ടില്ലെന്നും ജമാഅത്തെ ഇസ്ലാമിയെ പറഞ്ഞത് ഇസ്ലാമിന് എതിരല്ലെന്നും ബാലൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും എടുത്ത നിലപാടുകളിൽ യുഡിഎഫിന് അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ടാകാമെന്നും ബാലൻ പ്രതികരിച്ചു.

“വർഗീയവാദികൾക്ക് എതിരായ പരാമർശങ്ങളിൽ തെറ്റ് പറ്റിയിട്ടില്ല. ജമാഅത്തെ ഇസ്ലാമിയെ പറഞ്ഞത് ഇസ്ലാമിന് എതിരല്ല. മതരാഷ്ട്ര നിലപാട് മാറ്റാത്തതിനാലാണ് ജമാഅത്തിനെ വിമർശിക്കുന്നത്. വെള്ളാപ്പള്ളി ലീഗിനെയാണ് പറഞ്ഞത്. അത് മുസ്ലിംകളെ തന്നെയാണെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിച്ചു. വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും പല ഘട്ടങ്ങളായി സ്വീകരിച്ച നിലപാടുകളിൽ യുഡിഎഫിന് അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ടാകാം. തോൽവിയുടെ കാരണം പരിശോധിക്കും.” – ബാലൻ വ്യക്തമാക്കി.

“തങ്ങളുടെ കുട്ടികളെ തല്ലിച്ചതച്ചതൊന്നും മറക്കില്ലെന്ന് സതീശൻ പറഞ്ഞതിന് പിന്നാലെയാണ് ഇന്നലെ നടന്ന ആക്രമണം. പാർട്ടി ഓഫീസിൽ വന്ന് പൊലീസിനും ഗുണ്ടകൾക്കും വിലസാമെന്ന് കരുതരുത്. പൊലീസ് നിക്ഷ്പക്ഷമായി അന്വേഷണം നടത്തട്ടെ. എൻ.എൻ കൃഷ്ണദാസ് തടഞ്ഞില്ലായിരുന്നെങ്കിൽ എന്തെല്ലാം സംഭവങ്ങളുണ്ടാകുമായിരുന്നു. ഞങ്ങളുടെ ശവത്തിൽ ചവിട്ടി മാത്രമാണ് അവർക്ക് പോകാൻ കഴിയുമായിരുന്നത്. സർക്കാർ തുടങ്ങിവെച്ച പ്രവർത്തികൾക്ക് ഉടക്കുണ്ടാക്കാനാണ് ശ്രമമെങ്കിൽ അത് നടക്കില്ല. വർഗീയ ശക്തികൾ ഇപ്പോൾ അഹങ്കരിക്കുന്നുണ്ടാകണം. എന്നാൽ, ഒരു കാര്യം ഓർക്കണം, കേരളം ഇപ്പോഴും നിങ്ങളുടെ കൈപ്പിടിയിലല്ല. ജീവൻ കൊടുത്തും മതസൌഹാർദം കാത്തുസംരക്ഷിക്കും.” – ബാലൻ കൂട്ടിച്ചേർത്തു.