Home » Blog » Kerala » പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം; യുഎഇ-യിൽ ഇറാന്റെ മിസൈൽ ആക്രമണം, മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്
7

ദുബായ്: ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം. യുഎഇ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ആക്രമണത്തിൽ മൂന്നു ഇന്ത്യക്കാർക്ക് പരുക്കേറ്റു. ഫുജൈറ എണ്ണ വ്യവസായ മേഖലയിൽ തീപിടുത്തമുണ്ടായി. നാല് മിസൈലാക്രമണമാണ് ഇറാൻ നടത്തിയതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒമാനു നേരെയും ഇറാൻ ആക്രമണം നടത്തിയാതായി വിവരമുണ്ട്.

വെടിനിർത്തൽ കരാറിനു പിന്നാലെ ശാന്തമായിരുന്ന പശ്ചിമേഷ്യൻ അന്തരീക്ഷമാണ് വീണ്ടും സംഘർഷഭരിതമായത്. ഇറാന്റെ ഭാ​ഗത്തുനിന്നുള്ള അപ്രതീക്ഷിത ആക്രമണം യുഎഇയെ ഞെട്ടിച്ചിട്ടുണ്ട്. നാല് മിസൈലാക്രമണങ്ങളിൽ മൂന്നെണ്ണം പ്രതിരോധിച്ചുവെന്നും ഒരെണ്ണം കടലിൽ പതിച്ചുവെന്നുമാണ് യുഎഇ പറയുന്നത്.

അതിനിടെ, ഹോർമൂസ് കടലിടുക്കിനെ സംബന്ധിച്ചുള്ള ഇറാൻ–അമേരിക്ക സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ആഗോള എണ്ണവിതരണത്തിന് നിർണായകമായ കടൽപാതയിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങളും സൈനിക നീക്കങ്ങളും വർധിച്ചതോടെ പ്രദേശം അതീവ സംഘർഷാവസ്ഥയിലാണ്.

ഹോർമൂസിൽ, ഇറാൻ വിവിധ കപ്പലുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ ദക്ഷിണകൊറിയൻ ചരക്കുകപ്പൽ ഉൾപ്പെടെ ചില കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കി. യുഎഇയുടെ ഒരു ടാങ്കറിനും ഡ്രോൺ ആക്രമണം നേരിട്ടെങ്കിലും ആളപായമില്ലെന്നാണ് വിവരം.