ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ചെന്ന ആരോപണങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ വന്നതോടെ പരോക്ഷ മറുപടിയുമായി നടൻ അജ്മൽ അമീർ രംഗത്തെത്തി. പ്രശസ്തിക്കായി തന്റെ പേര് ഉപയോഗിക്കുന്നവരോട് ക്ഷമിക്കുന്നുവെന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. അജ്മൽ അമീർ തനിക്കും മെസ്സേജ് അയച്ചെന്ന് ആരോപിച്ച് നടി റോഷ്‌ന ആൻ റോയിയും രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് നടന്റെ പ്രതികരണം.
“അവർ സംസാരിക്കട്ടെ. അവരുടെ പ്രശസ്തിക്കായി നിങ്ങളുടെ പേര് ഉപയോഗിക്കട്ടെ. അപമാനിക്കട്ടെ, ചതിക്കട്ടെ, തകർക്കാൻ ശ്രമിക്കട്ടെ. എങ്കിലും ക്ഷമിക്കുക. കാരണം ശാന്തതയാണ് നിങ്ങളുടെ ശക്തി,” എന്നാണ് അജ്മൽ അമീർ കുറിച്ചത്.
“ശ്രദ്ധ കിട്ടാൻ വേണ്ടി അവർ ഉപയോഗിക്കുന്നതെന്തും നിങ്ങളുടെ ശക്തി വ്യക്തമാക്കുക മാത്രമേയുള്ളൂ. അവർ ഏൽപ്പിക്കുന്ന ഓരോ മുറിവും തിരിച്ചറിവാകുന്നു, ഓരോ അവസാനവും പുതിയ തുടക്കമാവുന്നു. വീണ്ടും ഉയിർത്തെഴുന്നേൽക്കുക – കൂടുതൽ കരുത്തോടെ, ബുദ്ധിയോടെ, സ്പർശിക്കാനാവാതെ,” എന്നും നടൻ കൂട്ടിച്ചേർത്തു.
നേരത്തെ, അജ്മൽ അമീറിന്റേതെന്ന പേരിൽ ചില ശബ്ദസന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഇത് എ.ഐ. നിർമിതമാണെന്നായിരുന്നു അജ്മലിന്റെ പ്രതിരോധം. ഈ വിശദീകരണ വീഡിയോയ്ക്ക് താഴെ കൂടുതൽ ആരോപണങ്ങളുമായി യുവതികൾ എത്തിയതോടെയാണ് അജ്മൽ തനിക്കും മെസ്സേജ് അയച്ചുവെന്ന് ആരോപിച്ച് നടി റോഷ്‌ന ആൻ റോയിയും രംഗത്തെത്തിയത്.
