കേരളത്തിൽ ഇടതുപക്ഷം നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വത്തിന് പരോക്ഷ വിമർശനവുമായി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. പരാജയങ്ങൾ എപ്പോഴും സ്വയം പരിശോധനയ്ക്കും തിരുത്തലിനുമുള്ള അവസരമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജനഹിതം തിരിച്ചറിഞ്ഞ് ജനങ്ങൾക്കായി കരുത്തോടെ പ്രവർത്തിക്കാൻ പാർട്ടിക്ക് കഴിയണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിജയങ്ങൾ പരാജയങ്ങളിൽ നിന്നുള്ള പാഠങ്ങളാണെന്ന് ഓർമ്മിപ്പിച്ച അരുൺകുമാർ, ജാതി-മത-കച്ചവട താൽപര്യങ്ങൾക്കതീതമായ വികസനമാണ് നാടിന് ആവശ്യമെന്നും കൂട്ടിച്ചേർത്തു.
അതേസമയം, അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ ജനകീയ സ്വതന്ത്രനായി മത്സരിച്ച് വൻ വിജയം നേടിയ ജി. സുധാകരൻ സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. “കേരളത്തിലെ ജനങ്ങളെ മുഴുവൻ വിഡ്ഢികളാക്കിയവർക്കുള്ള മറുപടിയാണിത്. കുറച്ചുപേരുടെ വകയാണ് സിപിഎം എന്ന് കരുതിയവർക്കുള്ള തിരിച്ചടിയാണിത്,” അദ്ദേഹം പറഞ്ഞു. “ഞാനും എന്റെ ഭാര്യയും തട്ടാനും” എന്ന മട്ടിൽ പാർട്ടി ഭരിച്ചവർക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം പരിഹസിച്ചു.
കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പൂർണ്ണ പിന്തുണയോടെയാണ് താൻ വിജയിച്ചതെന്ന് സുധാകരൻ വ്യക്തമാക്കി. തന്നെ ‘ചെറ്റ’ എന്ന് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ചെറ്റക്കുടിലുകളിൽ താമസിക്കുന്നവരുടെ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിൽ സിപിഎം പ്രവർത്തകർ ആരും നിയന്ത്രിക്കാനില്ലാതെ കന്നുകാലികളെപ്പോലെ അലയുകയാണെന്നും സുധാകരൻ ആക്ഷേപിച്ചു. പണം മുടക്കിയതും അധ്വാനിച്ചതും കോൺഗ്രസ് ആണെന്നും ഈ വിജയത്തിന്റെ ക്രെഡിറ്റ് അവർക്കുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
