Home » Blog » kerala Max » എറണാകുളത്ത് വേനൽമഴയിലും കാറ്റിലും വ്യാപക കൃഷിനാശം; 43 കോടിയുടെ നഷ്ടം
rain-680x450

കൊടും ചൂടിന് പിന്നാലെ എത്തിയ വേനൽമഴയും ശക്തമായ കാറ്റും എറണാകുളം ജില്ലയിലെ കാർഷിക മേഖലയെ തകർത്തെറിഞ്ഞു. ജനുവരി ഒന്ന് മുതൽ ഏപ്രിൽ 30 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 43.38 കോടി രൂപയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിളവെടുപ്പിന് പാകമായ പച്ചക്കറികളും പഴവർഗങ്ങളും നശിച്ചതോടെ ജില്ലയിലെ പതിനായിരത്തിലധികം കർഷകരുടെ സ്വപ്നങ്ങളാണ് പാതിവഴിയിൽ പൊലിഞ്ഞത്.

ജില്ലയിലുടനീളമായി 4297.08 ഹെക്ടർ പ്രദേശത്തെ കൃഷിയെ കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിച്ചു. ഏകദേശം 11,385 കർഷകരുടെ കൃഷിയിടങ്ങൾ പൂർണ്ണമായോ ഭാഗികമായോ നശിച്ചിട്ടുണ്ട്. വിഷു, ഓണം വിപണികൾ ലക്ഷ്യമിട്ട് വായ്പയെടുത്തും പാട്ടഭൂമിയിൽ കൃഷിയിറക്കിയും മുന്നോട്ട് പോയ സാധാരണക്കാരായ കർഷകരാണ് ഇപ്പോൾ കടക്കെണിയിലായിരിക്കുന്നത്. ജില്ലയുടെ കിഴക്കൻ മേഖലകളിൽ വന്യമൃഗ ശല്യത്തിന് പിന്നാലെ പ്രകൃതിക്ഷോഭം കൂടി എത്തിയത് കർഷകരെ കൂടുതൽ തളർത്തി.

ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടത് വാഴകൃഷിയിലാണ്. ഏകദേശം 35.37 കോടി രൂപയുടെ നഷ്ടമാണ് ഈ വിഭാഗത്തിൽ മാത്രം കണക്കാക്കുന്നത്. 3966.02 ഹെക്ടറിലെ വാഴകൾ നശിച്ചു. വേനൽച്ചൂടിൽ ഉണങ്ങിപ്പോയ വാഴകൾക്ക് പുറമെ, വേനൽമഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ കുലച്ച വാഴകൾ വ്യാപകമായി ഒടിഞ്ഞുവീണു. ഇതിൽ തന്നെ കോതമംഗലം ബ്ലോക്കിലാണ് ഏറ്റവും വലിയ ആഘാതം ഉണ്ടായത്. ആലുവ, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ തുടങ്ങിയ മേഖലകളിലും സ്ഥിതി സമാനമാണ്.

ബാങ്കുകളിൽ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് കൃഷിയിറക്കിയവർ ജപ്തി ഭീഷണിയിലാണ്. കൃഷിനാശത്തിന് അപേക്ഷ നൽകിയാലും നഷ്ടപരിഹാരം ലഭിക്കാൻ കാലതാമസമെടുക്കുന്നു എന്ന പരാതി ശക്തമാണ്. മുൻപ് വന്യജീവി ശല്യം മൂലമുണ്ടായ നഷ്ടത്തിന് പോലും പലർക്കും ആനുകൂല്യം ലഭിച്ചിട്ടില്ല. നിലവിലെ ഈ കടുത്ത പ്രതിസന്ധിയിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് സാമ്പത്തിക സഹായം നൽകണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.