ഉത്തരേന്ത്യയിലെ വ്യോമയാന മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിക്കൊണ്ട് നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ജൂൺ 15 മുതൽ പ്രവർത്തനം ആരംഭിക്കുന്നു. ഏപ്രിൽ 27-ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽ നിന്ന് അന്തിമാനുമതി ലഭിച്ചതോടെയാണ് വിമാനത്താവളം തുറക്കാനുള്ള തടസ്സങ്ങൾ നീങ്ങിയത്. ജെവാറിൽ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ മാർച്ച് 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരുന്നു. പ്രവർത്തനമാരംഭിക്കുന്ന ദിവസം ഇൻഡിഗോ വിമാനമായിരിക്കും ഇവിടെ നിന്നും ആദ്യം പറന്നുയരുക.
ഭരണപരമായ ചില മാറ്റങ്ങൾക്കും വിമാനത്താവളം സാക്ഷ്യം വഹിച്ചു. വിദേശ പൗരനായ ക്രിസ്റ്റോഫ് ഷ്നെൽമാനെ സിഇഒ സ്ഥാനത്തുനിന്നും മാറ്റിയതിനെത്തുടർന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസറായ നിതു സാമ്രയെ ഇടക്കാല സിഇഒ ആയി നിയമിച്ചു. സുരക്ഷാ ക്ലിയറൻസ് ലഭിക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാനാണ് ഈ മാറ്റം നടത്തിയത്. ഇൻഡിഗോയ്ക്ക് പുറമെ ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികളും ഉടൻ തന്നെ സർവീസുകൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ ആഭ്യന്തര യാത്രക്കാർക്കായിരിക്കും മുൻഗണനയെങ്കിലും ഈ വർഷം അവസാനത്തോടെ അന്താരാഷ്ട്ര സർവീസുകളും തുടങ്ങാൻ പദ്ധതിയുണ്ട്.
ഏകദേശം 11,200 കോടി രൂപ ചിലവിൽ നിർമ്മിച്ച വിമാനത്താവളത്തിൽ നിലവിൽ ഒരു റൺവേയും പ്രതിവർഷം 12 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഒരു പാസഞ്ചർ ടെർമിനലുമാണുള്ളത്. ആദ്യ വർഷം തന്നെ 50 മുതൽ 60 ലക്ഷം വരെ യാത്രക്കാരെ വിമാനത്താവള അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്. വരും വർഷങ്ങളിൽ വിപുലീകരണ പ്രവർത്തനങ്ങളിലൂടെ പ്രതിവർഷം 70 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ വിമാനത്താവളത്തെ വികസിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
