Home » Blog » Kerala » എക്സിറ്റ് പോളുകൾക്കും അപ്പുറം യുഡിഎഫ് തരംഗം; വമ്പിച്ച വിജയം ഉറപ്പെന്ന് കെ.സി. വേണുഗോപാൽ
KC_VENUGOPAL-1

എക്സിറ്റ് പോൾ പ്രവചനങ്ങളെക്കാൾ മികച്ച വിജയം ഇത്തവണ യുഡിഎഫിന് ലഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. വോട്ടെണ്ണൽ നടക്കുന്ന നാലാം തീയതി യുഡിഎഫിന്റെ ദിവസമായിരിക്കുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ തരംഗമാണ് പ്രതിഫലിച്ചതെന്ന് കെ.സി. വേണുഗോപാൽ അവകാശപ്പെട്ടു. കണ്ണൂരിലടക്കം ഇത്തവണ വലിയ അത്ഭുതങ്ങൾ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിറ്റ് പോൾ ഫലങ്ങൾ നോക്കിയല്ല കോൺഗ്രസ് സംസാരിക്കുന്നത്, മറിച്ച് ജനങ്ങൾക്കിടയിൽ കണ്ട മാറ്റത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ വേണ്ടെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശമെന്നും കെപിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ട കത്ത് വിവാദങ്ങൾ നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുറത്തുവന്ന പത്ത് പ്രമുഖ എക്സിറ്റ് പോൾ ഏജൻസികളും യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്. ടൈംസ് നൗ ജെവിസി, പി മാർക്, ആക്സിസ് മൈ ഇന്ത്യ, ചാണക്യ സ്ട്രാറ്റജീസ് തുടങ്ങി പത്തോളം ഏജൻസികളുടെ സർവേകൾ പ്രകാരം എൽഡിഎഫിന് ഇത്തവണ അധികാരം നഷ്ടപ്പെടും. യുഡിഎഫിന് 89 സീറ്റുകൾ വരെ ലഭിക്കാമെന്ന പി.വി. അൻവറിന്റെ സർവേ റിപ്പോർട്ടും ഇതിനോടകം ചർച്ചയായിട്ടുണ്ട്.