രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്ങിൽ എഐ ചിപ്പ് ഉണ്ടെന്ന പാകിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകൻ നൗമാൻ നിയാസിന്റെ പരാമർശത്തിന് മറുപടിയുമായി താരം തന്നെ രംഗത്തെത്തി. തന്റെ ബാറ്റിങ് കരുത്തിന് പിന്നിൽ സാങ്കേതികവിദ്യയല്ല, മറിച്ച് ദൈവ നിശ്ചയമാണെന്നാണ് വൈഭവ് പ്രതികരിച്ചത്. രാജസ്ഥാൻ റോയൽസ് പുറത്തുവിട്ട വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ മറുപടി.
“ദൈവമാണ് അത് എന്റെ ബാറ്റിൽ സ്ഥാപിച്ചത്. എന്റെ ബാറ്റിൽ എന്തോ സവിശേഷത ഉണ്ടെന്ന് സ്വർഗത്തിലിരുന്ന് അദ്ദേഹം പറഞ്ഞു. ഞാൻ അത് ഉപയോഗിക്കുന്നു എന്ന് മാത്രം,” വൈഭവ് വീഡിയോയിൽ വ്യക്തമാക്കി. വൈഭവിന്റെ ബാറ്റിങ് അസാധാരണമാണെന്നും ബാറ്റിൽ ചിപ്പ് ഉണ്ടോ എന്ന് ലബോറട്ടറിയിൽ പരിശോധിക്കണമെന്നും നൗമാൻ നിയാസ് തമാശരൂപേണ പറഞ്ഞിരുന്നു. ഇതിനാണ് താരം കൃത്യമായ മറുപടി നൽകിയത്.
ഐപിഎൽ 2026 സീസണിൽ തകർപ്പൻ ഫോമിലാണ് ഈ 15-കാരൻ. നേരിട്ട പന്തുകളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ 400 റൺസ് പിന്നിടുന്ന താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കി. വെറും 167 പന്തുകളിൽ നിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്. ഈ സീസണിൽ ഇതുവരെ ഒൻപത് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചറിയും രണ്ട് അർധസെഞ്ചറികളും താരം നേടിക്കഴിഞ്ഞു. റൺവേട്ടക്കാരുടെ പട്ടികയിലും വൈഭവ് മുൻനിരയിലുണ്ട്.
നേരത്തെ ഒരു ചർച്ചയ്ക്കിടെയാണ് നൗമാൻ നിയാസ് വൈഭവിനെ പ്രശംസിച്ചുകൊണ്ട് ഇത്തരമൊരു പരാമർശം നടത്തിയത്. സാധാരണയായി താരങ്ങൾക്ക് ഉത്തേജക മരുന്ന് പരിശോധന നടത്താറുണ്ട്, എന്നാൽ വൈഭവിന്റെ കാര്യത്തിൽ ബാറ്റ് പരിശോധിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 16 വയസ്സ് മാത്രം പ്രായമുള്ള ഈ പയ്യന്റെ കരുത്തും ബാറ്റിങ് ശൈലിയും വിശ്വസിക്കാനാവാത്തതാണെന്നും 360 ഡിഗ്രിയിൽ ബാറ്റ് ചെയ്യുന്ന വൈഭവിന്റെ സാങ്കേതികത അപാരമാണെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു. വൈഭവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരങ്ങളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
