കേരള സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നവംബർ ഒന്നിന് സിൻഡിക്കേറ്റ് യോഗം വിളിച്ചിട്ടുണ്ട്. രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ വിഷയമാണ് യോഗത്തിന്റെ പ്രധാന അജണ്ട. യോഗം ഉടൻ വിളിച്ചു ചേർക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശമുണ്ടായിരുന്നു. കഴിഞ്ഞ ജൂലൈ 2-ന് സർവ്വകലാശാലാ സെനറ്റ് ഹാളിൽ കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് വി.സി. കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്.
സസ്പെൻഷൻ ലഭിച്ചതിനെ തുടർന്ന് അനിൽകുമാർ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സിൻഡിക്കേറ്റ് അദ്ദേഹത്തിന്റെ സസ്പെൻഷൻ റദ്ദാക്കി. എന്നാൽ, വി.സി. സിൻഡിക്കേറ്റ് തീരുമാനം അംഗീകരിക്കാതെ പ്രതികാര നടപടികൾ തുടരുകയായിരുന്നു. രജിസ്ട്രാറുടെ ഔദ്യോഗിക വാഹനമുൾപ്പെടെ പിടിച്ചുവെക്കാൻ വി.സി. നിർദ്ദേശം നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം ഈ വിഷയം ചർച്ച ചെയ്യാൻ വീണ്ടും സിൻഡിക്കേറ്റ് യോഗം ചേരുന്നത്.
