ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. നെടുങ്കണ്ടം പച്ചടി സ്വദേശികളായ മേരിക്കുട്ടിയെയും മകൻ റെജിയെയും ഒരു മാസത്തോളമായി കാണാനില്ലായിരുന്നു. ഇവരുടെ വീട്ടുപരിസരത്ത് പോലീസ് നടത്തിയ പരിശോധനയിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരഭാഗങ്ങൾ കണ്ടെത്തിയതാണ് കൊലപാതക സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്.
പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയതോടെ മേരിക്കുട്ടിയുടെ മറ്റൊരു മകൻ ഓടി രക്ഷപ്പെട്ടത് ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. കാണാതായവരുടെ തിരോധാനത്തിന് പിന്നിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരാൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.
സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും എത്തി പരിശോധനകൾ നടത്തും. കണ്ടെത്തിയ ശരീരഭാഗങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ ഇത് കാണാതായവരുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ. നാട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിച്ചിരിക്കുകയാണ് ഈ ക്രൂരമായ കൊലപാതക വാർത്ത.
