Home » Blog » Kerala » “എന്റെ ശരീരത്തിൽ ഓടുന്നത് തെലങ്കാനയുടെ രക്തം, ജനങ്ങളാണ് എന്റെ കുടുംബം”; പുതിയ പാർട്ടി പ്രഖ്യാപിച്ച് കെ. കവിത
17

ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സേന എന്ന പുതിയ പാർട്ടി പ്രഖ്യാപിച്ച് തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിൻ്റെ മകൾ കെ.കവിത. പിതാവിനും ബിആർഎസിനുമെതിരെ രൂക്ഷപ്രതികരണം നടത്തിയാണ് ശേഷമാണ് പാർട്ടി പ്രഖ്യാപനം. ഹൈദരാബാദിലെ ഗൺ പാർക്കിലുള്ള അമരവീരുല സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പാർട്ടി പ്രഖ്യാപിച്ചത്. ബിആർഎസ് വിട്ട് ഏഴ് മാസത്തിന് ശേഷമാണ് കവിതയുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം.

“ബിആർഎസ് രൂപീകരിച്ചത് തെലങ്കാനയുടെ പ്രാദേശിക താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ്. എന്നാൽ, പിന്നീട് പാർട്ടിയുടെ പേരും രീതികളും മാറി. ആത്മാവ് നഷ്ടപ്പെട്ട ഒരു പാർട്ടിക്ക് ജനങ്ങളുമായി ബന്ധം പുലർത്താൻ കഴിയില്ല. തന്നെയും തന്റെ അനുയായികളെയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.” – കവിത പറഞ്ഞു.

2025 സെപ്റ്റംബറിലാണ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് കവിതയെ ബിആർഎസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. മുതിർന്ന നേതാക്കളായ ടി. ഹരീഷ് റാവുവിനും ജെ. സന്തോഷ് റാവുവിനും എതിരെ പരസ്യമായി സംസാരിച്ചതാണ് സസ്പെൻഷനിലേക്ക് നയിച്ചത്. ഹരീഷ് റാവുവും സന്തോഷ് റാവുവും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ചേർന്ന് സ്വന്തം കുടുംബത്തെയും പാർട്ടിയെയും തകർക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു കവിതയുടെ ആരോപണം. സസ്‌പെൻഷന് പിന്നാലെ എംഎൽസി സ്ഥാനം രാജിവെച്ച കവിത, കഴിഞ്ഞ ജനുവരിയിൽ ബിആർഎസ് വിട്ടു. തുടർന്ന് രൂപീകരിച്ച ‘തെലങ്കാന ജാഗൃതി’ എന്ന സംഘടനയാണ് ഇപ്പോൾ പുതിയ രാഷ്ട്രീയ പാർട്ടിയായി മാറിയിരിക്കുന്നത്.

കുടുംബമോ പഴയ പാർട്ടിയോ കൂടെയുണ്ടോ എന്നത് തനിക്ക് പ്രശ്നമല്ലെന്നും കവിത വ്യക്തമാക്കി. “എന്റെ ശരീരത്തിൽ ഓടുന്നത് തെലങ്കാനയുടെ രക്തമാണ്. കഴിഞ്ഞ 20 വർഷം തെലങ്കാന സമരത്തിനായി ജീവിതം മാറ്റിവെച്ചവളാണ് ഞാൻ. ജനങ്ങളാണ് എന്റെ കുടുംബം,” – എന്നും കവിത പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കവിതയുടെ പുതിയ പാർട്ടി രൂപീകരണം ബിആർഎസിനും കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.