സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. പലയിടങ്ങളിലും ഇടയ്ക്കിടെ വൈദ്യുതി തടസ്സപ്പെടുന്നത് അമിത ഉപയോഗം മൂലം ട്രാൻസ്ഫോർമറുകൾ ഓവർലോഡ് ആയി ഡ്രിപ്പ് ആകുന്നത് കൊണ്ടാണെന്നും മന്ത്രി പാലക്കാട്ട് പറഞ്ഞു. കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് ബോധപൂർവമായ നിയന്ത്രണങ്ങളൊന്നും നിലവിലില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാചകവാതക ലഭ്യത കുറഞ്ഞതോടെ ഭൂരിഭാഗം പേരും ഇൻഡക്ഷൻ കുക്കറുകളെ വലിയ തോതിൽ ആശ്രയിക്കുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. വൈദ്യുതി ഉപയോഗത്തിൽ ആരും സ്വയം നിയന്ത്രണം പാലിക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. നിലവിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 6195 മെഗാവാട്ട് പിന്നിട്ടു കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ വില നൽകി വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ട സാഹചര്യമാണുള്ളത്. എങ്കിലും കറന്റ് ചാർജ് വർദ്ധിപ്പിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കനത്ത ചൂടിനിടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ദിവസവും പലസമയങ്ങളിലായി വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ വല്ലാതെ വലയ്ക്കുന്നുണ്ട്. ‘ലോഡ് റെസ്ട്രിക്ഷൻ’ എന്ന പേരിൽ നിയന്ത്രണം നടക്കുന്നുണ്ടെന്ന പരാതികൾക്കിടയിലാണ് മന്ത്രിയുടെ ഈ വിശദീകരണം. വടക്കൻ ജില്ലകളിൽ കഴിഞ്ഞ ഒരാഴ്ചയായി വൈദ്യുതി തടസ്സം രൂക്ഷമാണ്. ഉപയോഗം കുതിച്ചുയരുന്ന സാഹചര്യത്തിൽ ജനങ്ങൾ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
