Your Image Description Your Image Description

തിരുവനന്തപുരം: പൂജപ്പുര കല്‍മണ്ഡപം നവകേരള സദസ് സംഘാടക സമിതി ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അനുവദിക്കരുതെന്ന ഹർജി ഹൈക്കോടതി തള്ളിയതിൽ പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രന്‍. രാഷ്ട്രീയപ്രേരിതമായി ബിജെപി- ആര്‍എസ്എസ് സംഘടനകളുടെ പിന്തുണയോടെ ചിലര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയതെന്ന് മേയര്‍ പറഞ്ഞു.

‘പൂജപ്പുര കല്‍മണ്ഡപം സരസ്വതി മണ്ഡപമാണ്. സമീപത്ത് സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്.’ ക്ഷേത്രത്തില്‍ വരുന്ന ഭക്തജനങ്ങള്‍ക്ക് പ്രയാസമുണ്ടാകുന്ന വിധത്തിലാണ് നവകേരള സദസ് പരിപാടിക്കുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നതെന്നുമായിരുന്നു പരാതി.

എന്നാൽ പ്രസ്തുത സ്ഥലം നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണെന്നും അവിടെ നടക്കുന്ന എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നവീകരണവും നടത്തിപ്പും നഗരസഭയുടെ ഉടമസ്ഥതയില്‍ ആണെന്ന രേഖകള്‍ കോടതിയെ ബോധ്യപ്പെടുത്തിയതോടെയാണ് പരാതി തള്ളിയതെന്ന് മേയര്‍ പറഞ്ഞു. ‘പൂജപ്പുര മണ്ഡപവും പരിസരവും ജാതി മത ഭേദമന്യേ ജനങ്ങള്‍ക്ക് ഒത്തു കൂടാനുള്ള പൊതു ഇടമാണ്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന പ്രകാരം മതവിശ്വാസികള്‍ക്കും അവിശ്വസികള്‍ക്കും ഒരുപോലെ സംഗമിക്കാനുള്ള സാംസ്‌കാരിക കേന്ദ്രവുമാണ്.’ ഭിന്നിപ്പിന്റെയും വിഭജനത്തിന്റെയും തരംതാണ തലച്ചോറുകള്‍ക്ക് അതൊന്നും മനസിലാകണമെന്നില്ലെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

‘കല്‍മണ്ഡപം വിവിധ വാണിജ്യാവശ്യങ്ങള്‍ക്ക് നല്‍കാറുണ്ട്. അതിനോട് ചേര്‍ന്നിട്ടുള്ള മൈതാനം വിവിധങ്ങളായ വാണിജ്യപരിപാടികള്‍ക്കും കലാപരിപാടികള്‍ക്കും സാസ്‌കാരിക പരിപാടികള്‍ക്കും നഗരസഭ വാടകയ്ക്ക് നല്‍കാറുണ്ട്.’ സംസ്ഥാന സര്‍ക്കാരിന്റെ പരിപാടികള്‍ക്ക് വാടക ഈടാക്കാതെ നല്‍കാറുണ്ടെന്നും കോടതിയെ ബോധ്യപെടുത്തിയെന്ന് മേയര്‍ പറഞ്ഞു. കല്‍മണ്ഡപത്തിലാണ് സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് കാരണം ഭക്തജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലായെന്നും പ്രസ്തുത സ്ഥലം പലപ്പോഴും വാണിജ്യാവശ്യങ്ങള്‍ക്ക് കൊടുത്തിട്ടുണ്ടെന്നും നഗരസഭ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭയ്‌ക്കെക്കെതിരെ നല്‍കിയ കേസ് കോടതി തള്ളിക്കളഞ്ഞതെന്ന് ആര്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *