കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ഇനിയും പകുതി മാസത്തോളമുണ്ട്. ആര് വരും എന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല. എങ്കിലും കടുത്ത ഭരണവിരുദ്ധ വികാരത്തിന്റെ തണലില്‍ അധികാരത്തിലേറാന്‍ കഴിയുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഇതോടെ തന്നെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അടി തുടങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ഇവര്‍ തമ്മില്‍ പ്രശ്നമുണ്ടെങ്കില്‍ മാത്രമേ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന് അവസരമുള്ളൂ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവില്‍ ഏറ്റുമുട്ടല്‍ ഇല്ലാതിരിക്കുമ്പോള്‍ തന്നെയാണ് കെസിയുടെ ആഗമനം കാണിച്ച് കോണ്‍ഗ്രസില്‍ ആചാരവെടികള്‍ മുഴങ്ങുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് പ്രസ്താവന നടത്തിയ കണ്ണൂര്‍ എംപി സുധാകരനാണ് പ്രശ്നം കത്തിച്ച് നിര്‍ത്തിയത്. ഇതോടെ മറ്റു നേതാക്കളും പ്രശ്നത്തില്‍ ഇടപെട്ട് പരസ്യ പ്രസ്താവന നടത്തി. എന്നാല്‍ പൊടുന്നനെ കെ.സി.വേണുഗോപാലിന് എഫ്ബി പോസ്റ്റിലൂടെ പിന്തുണ പ്രഖ്യാപിച്ച് കെ.സുധാകരന് കടകംമറിഞ്ഞു. ഇന്നലെ കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ് വാര്യര്‍ വരെ കെസിയെ അനുകൂലിച്ച് പ്രസ്താവനകള്‍ നടത്തുന്നയിടം വരെ കാര്യങ്ങള്‍ എത്തി. കോണ്‍ഗ്രസിലും എതിര്‍പ്പ് ശക്തമാണ്.
കേരളത്തിലെ കോണ്‍ഗ്രസിലെ രണ്ട് മുഖങ്ങള്‍ ചെന്നിത്തലയും വി.ഡി.സതീശനുമാണ്. തിരഞ്ഞെടുപ്പ് നയിച്ചതും മുന്നോട്ടു കൊണ്ടുപോയതിലും ഈ രണ്ട് നേതാക്കള്‍ക്ക് വലിയ റോളുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസിയെ കൊണ്ടുവരാന്‍ ആസൂത്രിത്ര ശ്രമങ്ങള്‍ നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ കെസിക്ക് ഒരു അയോഗ്യതയുമില്ല. ദേശീയ നേതാവെന്ന നിലയില്‍ അദ്ദേഹം അതിന് അര്‍ഹനുമാണ്. എങ്കിലും ഇത്തരം ഒരു നീക്കം വന്നാല്‍ അത് മൂത്തതിനെ കാണിച്ച് ഇളയതിനെ കെട്ടിക്കുന്നതിന് തുല്യമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അടക്കം പറച്ചില്. തിരഞ്ഞെടുപ്പിലെ കേരളത്തിലെ രണ്ട് മുഖങ്ങള്‍ വി.ഡി.സതീശനും ചെന്നിത്തലയും മാത്രമാണ്. യുഡിഎഫ് അധികാരത്തില്‍ വരുകയാണെങ്കില്‍ കെസിയെ മുഖ്യമന്ത്രി ആക്കുന്നതിലും അനീതിയുടെ പ്രശ്നങ്ങളുമുണ്ട്.
പ്രതിപക്ഷ നേതാവ് ആയിരിക്കെ രമേശ് ചെന്നിത്തലയ്ക്ക് നേരിയ സൂചനകള്‍ പോലും നല്‍കാതെയാണ് പ്രതിപക്ഷ നേതൃപദവി അദ്ദേഹത്തില്‍ നിന്നും എടുത്തുമാറ്റി വി.ഡി.സതീശന് നല്‍കിയത്. ഇതില്‍ ചെന്നിത്തലയ്ക്ക് ഉള്ള ഖിന്നത ഇപ്പോഴും വിട്ടുമാറിയിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസിയെ കൊണ്ടുവരികയാണെങ്കില്‍ ഈ രണ്ട് നേതാക്കളോടും ഒരുപോലെ അനീതി കാട്ടിയ പ്രശ്നം നിലനില്ക്കുകയും ചെയ്യും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചെന്നിത്തലയോട് മാത്രമാണെങ്കില്‍ ഇക്കുറി സതീശനോടും കൂടിയാണ് അനീതി കാണിക്കുന്നത്. 2016-ല്‍ ഇടത് പ്രചാരണത്തിന്റെ കേന്ദ്രബിന്ദു വിഎസ് അച്യുതാനന്ദനായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് വന്നപ്പോള്‍ മുഖ്യമന്ത്രിയായത് പിണറായി വിജയനായിരുന്നു. കോണ്‍ഗ്രസിലെ നിലവിലെ അവസ്ഥ ഇതുമായാണ് ചേര്‍ത്ത് വായിക്കപ്പെടുന്നത്. യുഡിഎഫ് വന്നാല്‍ ആരാണ് മുഖ്യമന്ത്രി എന്ന കാര്യത്തില്‍ സസ്പെന്‍സ് നിലനില്‍ക്കുകയാണ്.
