Home » Blog » Kerala » ഞാനും ഫ്ലെക്സിൽ കേറിയെടാ; ‘വാഴ 2’ വിജയത്തിന് പിന്നാലെ ഹാഷിറിന് വെങ്കോട് സിപിഎമ്മിന്റെ അഭിനന്ദന ഫ്ലക്സ്
hashir-680x450

വാഴ 2′ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് പിന്നാലെ ചിത്രത്തിലെ നായകനായ ഹാഷിറിന് ജന്മനാടായ വേങ്കോട് നിന്ന് ലഭിക്കുന്ന സ്നേഹാദരങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ചിത്രം റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തിനുള്ളിൽ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 79 കോടി രൂപയിലധികം കളക്ഷൻ നേടി ഹാഷിർ മലയാള സിനിമയിൽ തന്റേതായ ഇടം ഉറപ്പിച്ചു കഴിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ, ഹാഷിറിന്റെ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട് സിപിഎം വേങ്കോട് ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ച ഫ്ലക്സ് ബോർഡാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സിനിമയിൽ ഫ്ലക്സിൽ നിന്ന് വെട്ടിമാറ്റപ്പെട്ട കഥാപാത്രമാണെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഹാഷിർ അത് നേടിയെടുത്തു എന്ന രീതിയിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

വേങ്കോട് മേഘമൽഹാറിൽ ഷിഹാബുദ്ദീൻ-ലൈല ദമ്പതികളുടെ കൊച്ചുമകനും ഹസ്സീനയുടെ മകനുമായ ഹാഷിറിനെ ആദരിക്കാൻ പ്രാദേശിക നേതൃത്വം വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. നാടിന് അഭിമാനമായി മാറിയ ഹാഷിറിനെയും സിനിമയിലെ മറ്റ് താരങ്ങളെയും ആദരിക്കാൻ പഞ്ചായത്ത് തലത്തിൽ കൂടിയാലോചനകൾ നടത്തി വരികയാണെന്ന് ഇലകമൺ പഞ്ചായത്ത് അംഗം പ്രവീൺകുമാർ അറിയിച്ചു. സിനിമയുടെ ഉള്ളടക്കവുമായി ബന്ധിപ്പിച്ചുകൊണ്ട് പ്രാദേശിക ബ്രാഞ്ച് കമ്മിറ്റി നൽകിയ ഈ അഭിനന്ദനം ഇതിനോടകം തന്നെ സിനിമ പ്രേമികൾക്കിടയിൽ വലിയ കൗതുകമുണർത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ. സംവിധാനം ചെയ്ത ‘വാഴ 2: ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും ശ്രദ്ധ നേടിയിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി കുടുംബത്തോടൊപ്പം തിയേറ്ററിലെത്തി സിനിമ കാണുകയും ഹാഷിറിനെയും സംഘത്തെയും വീഡിയോ കോളിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ വാർത്തയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് സാധാരണക്കാരായ യുവാക്കൾ സിനിമയിൽ കൈവരിച്ച ഈ വലിയ വിജയം കേരളത്തിലുടനീളം വലിയ ചർച്ചയാവുകയാണ്.