Home » Blog » kerala Max » പാകിസ്ഥാന് കനത്ത തിരിച്ചടി! മുഹമ്മദ് നവാസ് ഉത്തേജക പരിശോധനയിൽ കുടുങ്ങി; കരിയർ അവസാനത്തിലേക്ക്?
dm_230112_interview_nawazpc

സ്റ്റാർ ഓൾറൗണ്ടർ മുഹമ്മദ് നവാസിനെതിരെ ഉത്തേജക മരുന്ന് ആരോപണം. 2026 ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്ന ടി20 ലോകകപ്പിനിടെ ഐസിസി ശേഖരിച്ച സാംപിളിൽ നിരോധിത വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതാണ് താരത്തിന് വിനയായത്. സംഭവത്തിൽ ഐസിസി നൽകിയ നിർദ്ദേശപ്രകാരം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഔദ്യോഗിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ലോകകപ്പിലെ മുഴുവൻ മത്സരങ്ങളിലും പാകിസ്ഥാനായി കളത്തിലിറങ്ങിയ നവാസിന് ഈ കണ്ടെത്തൽ കരിയറിൽ വലിയ തിരിച്ചടിയാകും. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ടി20 ബ്ലാസ്റ്റിൽ സറേയ്ക്കായി കളിക്കാൻ കരാറൊപ്പിട്ടിരുന്നെങ്കിലും, പരിശോധനാ ഫലം പുറത്തുവന്നതോടെ ക്ലബ്ബ് കരാർ റദ്ദാക്കി. നേരത്തെ താരത്തിന് പിസിബി എൻഒസി നൽകിയിരുന്നെങ്കിലും പുതിയ സാഹചര്യത്തിൽ ഇംഗ്ലണ്ടിലേക്കുള്ള യാത്ര മുടങ്ങി. എന്നാൽ സറേ അധികൃതർ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെങ്കിലും പാകിസ്ഥാൻ സൂപ്പർ ലീഗിൽ നവാസ് കളിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റാവൽപിണ്ടിക്കെതിരെ നടന്ന മത്സരത്തിലും താരം പങ്കെടുത്തു. എങ്കിലും, അന്വേഷണത്തിൽ കുറ്റം തെളിയിക്കപ്പെട്ടാൽ ഐസിസിയുടെ കർശനമായ അച്ചടക്ക നടപടികളും ദീർഘകാല വിലക്കും നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് ആരാധകർ.