യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പോലീസ് വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ദൃഢം മെയ് 8-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. റിലീസ് തീയതിയിൽ മാറ്റമില്ലെന്ന് ഉറപ്പിച്ചുകൊണ്ട് അണിയറപ്രവർത്തകർ പുറത്തുവിട്ട വ്യത്യസ്തമായ അനൗൺസ്മെന്റ് വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. നവാഗതനായ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കുഴിനിലം എന്ന ഗ്രാമത്തിലെ പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്നത്. വലിയ ആത്മവിശ്വാസത്തോടെ ജോലിയിൽ പ്രവേശിക്കുന്ന വിജയ് രാധാകൃഷ്ണന് താൻ ഒട്ടും പ്രതീക്ഷിക്കാത്ത സങ്കീർണ്ണമായ സാഹചര്യങ്ങളെയാണ് സ്റ്റേഷനിൽ നേരിടേണ്ടി വരുന്നത്. ‘കൊറോണ പേപ്പേഴ്സ്’, വേല എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെയ്ൻ നിഗം വീണ്ടും പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എന്നാൽ സ്ഥിരം കണ്ടുവരുന്ന മാസ്സ് പോലീസ് ഹീറോ പരിവേഷത്തിന് പകരം, സാഹചര്യങ്ങളെ പക്വതയോടെ നേരിടാൻ ശ്രമിക്കുന്ന ഒരു സാധാരണ പോലീസുകാരനെയാണ് ഇതിൽ കാണാൻ സാധിക്കുക.
ജോലിയിലെ പുതുമുഖമായ നായകൻ വരുത്തുന്ന തെറ്റുകളും അതിൽ നിന്ന് പാഠങ്ങൾ പഠിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഉത്തരവാദിത്തങ്ങളും മാനസിക സമ്മർദ്ദങ്ങളും ഒരു വ്യക്തിയെ എങ്ങനെയൊക്കെ മാറ്റിയെടുക്കുന്നു എന്ന് തികച്ചും റിയലിസ്റ്റിക്കായ രീതിയിൽ സിനിമ ചർച്ച ചെയ്യുന്നു. ലളിതവും സത്യസന്ധവുമായ ആഖ്യാന ശൈലി പിന്തുടരുന്ന ‘ദൃഢം’, പ്രേക്ഷകർക്ക് തങ്ങളുടെ ജീവിതവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്ന വൈകാരിക നിമിഷങ്ങൾ സമ്മാനിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
