ബിഹാർ രാഷ്ട്രീയത്തിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കൊപ്പം പട്‌നയിലെ ലോക്ഭവനിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഏപ്രിൽ പത്തിന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിനെത്തുടർന്നാണ് എം.എൽ.സി സ്ഥാനവും മുഖ്യമന്ത്രി പദവിയും ഒഴിഞ്ഞത്. ബിഹാറിന്റെ വികസനത്തിനായി എന്നും നിലകൊണ്ടിട്ടുണ്ടെന്നും പുതിയ സർക്കാരിന് തന്റെ പൂർണ്ണ പിന്തുണയും മാർഗനിർദ്ദേശങ്ങളും ഉണ്ടാകുമെന്നും രാജിക്കത്ത് നൽകിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 2005-ൽ ആദ്യമായി അധികാരമേറ്റ നിതീഷ് കുമാർ, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവെന്ന റെക്കോർഡുമായാണ് പടിയിറങ്ങുന്നത്.
നിതീഷ് കുമാറിന്റെ പിൻമാറ്റത്തോടെ ബിഹാറിൽ ആദ്യമായി ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയാകാനാണ് സാധ്യതയെന്നും അദ്ദേഹത്തെ നിതീഷ് കുമാർ തന്നെ ഭാവി നേതാവായി മുൻപ് വിശേഷിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അധികാര കൈമാറ്റത്തിന്റെ ഭാഗമായി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ പാർട്ടി പദവികളിലൂടെ രാഷ്ട്രീയത്തിൽ സജീവമാകുമെന്നാണ് സൂചന. അതേസമയം, നിതീഷ് കുമാറിന്റെ രാജിക്ക് പിന്നാലെ രൂക്ഷ വിമർശനവുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. പുതിയ മാറ്റത്തോടെ ബിഹാറിലെ ഭരണം ഗുജറാത്തിൽ നിന്നാകും നിയന്ത്രിക്കപ്പെടുകയെന്ന് അദ്ദേഹം ആരോപിച്ചു.
