ശബരിമല സ്വർണ്ണ കവർച്ചാ വിവാദത്തിൽ ഹൈക്കോടതി പരാമർശം നേരിട്ട ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ചുകൊണ്ട് രംഗത്തെത്തി. തൻ്റെ സ്വത്തുവിവരങ്ങൾ പരസ്യപ്പെടുത്താൻ തയ്യാറാണെന്ന് അറിയിച്ച അദ്ദേഹം, തനിക്ക് മൂന്ന് അക്കൗണ്ടുകളിലായി ഏകദേശം മൂന്ന് ലക്ഷം രൂപയുടെ ആസ്തി മാത്രമാണുള്ളതെന്നും വ്യക്തമാക്കി. വി.ഡി. സതീശൻ തൻ്റെ സ്വത്ത് വെളിപ്പെടുത്താൻ തയ്യാറാണോ എന്നും, ആരാണ് യഥാർത്ഥത്തിൽ കോടീശ്വരൻ എന്ന് അപ്പോൾ അറിയാമെന്നും പ്രശാന്ത് പറഞ്ഞു. കൂടാതെ, പോറ്റി തൻ്റെ വീടിൻ്റെ പാലുകാച്ചൽ ചടങ്ങിന് വന്നു എന്ന് തെളിയിക്കാനും അദ്ദേഹം വെല്ലുവിളിച്ചു. താൻ സി.പി.എമ്മിലാണ് ഉള്ളതെന്നും, എല്ലാ സാമ്പത്തിക കണക്കുകളും പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമക്കി. വീട് വച്ചത് വായ്പയെടുത്താണെന്നും ഭൂമി വാങ്ങിയത് ഭാര്യയുടെ കുടുംബസ്വത്ത് വിറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
