Home » Blog » Kerala » ഇത്തവണ ‘ട്രെൻഡ്’ ഉണ്ടാകില്ല, കഷ്ടിച്ചു ഭരണം നിലനിർത്തും; 25 വരെ സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടേക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
7

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 90ൽ അധികം സീറ്റ് എൽഡിഎഫിനു കിട്ടുമെന്ന് സംസ്ഥാന സെക്രട്ടറി പുറത്തു പറഞ്ഞെങ്കിലും ഇന്നലെച്ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തലിൽ അങ്ങനെയൊരു ‘ട്രെൻഡ്’ ഇല്ല. 75നു മുകളിൽ സീറ്റ് നേടി കഷ്ടിച്ചു ഭരണം നിലനിർത്തുമെന്ന നിഗമനത്തിലാണു സംസ്ഥാന സെക്രട്ടേറിയറ്റ്. 25 വരെ സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടേക്കാമെന്നും വിലയിരുത്തപ്പെടുന്നു. 3–5 സീറ്റുകൾ യുഡിഎഫിൽനിന്നു പിടിച്ചെടുക്കാനാകുമെന്നാണു പ്രതീക്ഷ. ധർമടത്ത് ഉൾപ്പെടെ, പാർട്ടിയുടെ ഉറച്ച കോട്ടകളിലൊന്നിലും കഴിഞ്ഞ തവണത്തേതിനു സമാനമായ കൂറ്റൻ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ല. 10–15 മണ്ഡലങ്ങളിൽ 3000 വോട്ടിനു താഴെ ഭൂരിപക്ഷത്തിലാണു ഫലം നിർണയിക്കപ്പെടുകയെന്നാണു കണക്കുകൂട്ടൽ.

പാർട്ടി വിട്ടവർ യുഡിഎഫിനുവേണ്ടി മത്സരിച്ച ഒരു സീറ്റിലും അവർ ജയിക്കില്ലെന്നാണു പാർട്ടി പുറമേ പറയുന്നതെങ്കിലും അമ്പലപ്പുഴയിലും തളിപ്പറമ്പിലും ആശങ്കയുണ്ട്. തളിപ്പറമ്പിൽ മുസ്‍ലിം ലീഗിനു സ്വാധീനമുള്ള നഗരസഭാ പരിധിയിൽ അവർ അധികം വോട്ട് ചേർത്തതും ലീഗിന്റെ സ്വാധീന മേഖലയിലെ പല ബൂത്തുകളിലും 90 ശതമാനത്തിനു മുകളിൽ പോളിങ് നടന്നതും സിപിഎം ഗൗരവത്തിൽ കാണുന്നുണ്ട്. അമ്പലപ്പുഴയിൽ ഇടത് അനുകൂല വോട്ടുകൾ എത്രത്തോളം ജി.സുധാകരനു ലഭിക്കുമെന്നു കൃത്യമായി കണക്കാക്കാനാകുന്നില്ല.

എല്ലാ തിരഞ്ഞെടുപ്പിനുശേഷവും ഉറപ്പുള്ള വോട്ടുകൾക്കൊപ്പം അനുഭാവി വോട്ടുകളുടെയും കണക്കെടുക്കാറുണ്ട്. ഇത്തവണ ഉറപ്പുള്ള വോട്ടുകളുടെ കണക്കു മാത്രമാണു ശേഖരിച്ചത്. യാഥാർഥ്യബോധമുള്ള കണക്കെടുപ്പിനുവേണ്ടിയായിരുന്നു ഈ രീതി. അനുഭാവി വോട്ടുകൾ കൂടി ചേരുമ്പോൾ നിസ്സാര സീറ്റുകളുടെ വ്യത്യാസത്തിൽ ഭരണത്തിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ. മധ്യകേരളത്തിൽ എറണാകുളത്തും തൃശൂരിലും കോട്ടയത്തും ഇടുക്കിയിലും തിരിച്ചടികളുണ്ടാകും. എന്നാൽ പത്തനംതിട്ട ജില്ല പൂർണമായും ഒപ്പം നിൽക്കും. ആദ്യഘട്ടത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിലും ആറന്മുളയിൽ മന്ത്രി വീണാ ജോർജ് 8,000ത്തിനു മുകളിൽ വോട്ടിനു ജയിക്കും. മലപ്പുറത്തു പ്രതീക്ഷിച്ച മൂന്നു സീറ്റുകളിൽ പൊന്നാനിയിലും തിരൂരിലും കടുത്ത മത്സരം നേരിട്ടുവെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലായിരുന്നതിനാൽ യോഗത്തിൽ പങ്കെടുത്തില്ല.