Home » Blog » Kerala » കോഹ്‌ലിക്ക് സന്ദീപ് ശർമ്മ ‘വില്ലനാകുമോ’? കണക്കുകൾ ആർസിബിക്ക് അനുകൂലമല്ല; ആകാശ് ചോപ്രയുടെ നിരീക്ഷണം.
images - 2026-04-10T184347.737

ഐപിഎല്ലിൽ ഇന്ന് ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന രാജസ്ഥാൻ റോയൽസ് – റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പോരാട്ടം. ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും നേർക്കുനേർ വരുമ്പോൾ കളിക്ക് ചൂടേറും. കിരീടം നിലനിർത്താൻ ലക്ഷ്യമിടുന്ന ആർസിബിക്കും അപരാജിത കുതിപ്പ് തുടരാൻ ആഗ്രഹിക്കുന്ന രാജസ്ഥാനും ഇന്നത്തെ വിജയം അനിവാര്യമാണ്.

ഇന്നത്തെ മത്സരത്തിലെ ഏറ്റവും വലിയ ആകർഷണം വിരാട് കോഹ്‌ലിയും രാജസ്ഥാന്റെ സന്ദീപ് ശർമ്മയും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്ന് മുൻ താരം ആകാശ് ചോപ്ര നിരീക്ഷിക്കുന്നു. കണക്കുകളിൽ സന്ദീപ് ശർമ്മയ്ക്ക് കോഹ്‌ലിക്കുമേൽ വ്യക്തമായ ആധിപത്യമുണ്ട്. ഐപിഎല്ലിൽ 18 തവണ ഇരുവരും നേർക്കുനേർ വന്നപ്പോൾ ഏഴ് തവണയും കോഹ്‌ലിയെ പുറത്താക്കാൻ സന്ദീപിന് കഴിഞ്ഞിട്ടുണ്ട്. വേഗത കുറഞ്ഞ പന്തുകൾ കൊണ്ട് കോഹ്‌ലിയെ കുടുക്കുന്ന സന്ദീപിന്റെ തന്ത്രം ഇന്നും ആവർത്തിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

 

ബൗളിംഗ് നിരയിലെ വെല്ലുവിളി:

പുതിയ പന്തിൽ ജോഫ്ര ആർച്ചറും നാന്ദ്രെ ബർഗറും ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കുക എന്നത് ആർസിബി ബാറ്റർമാർക്ക് പ്രയാസകരമായിരിക്കും. അതേസമയം, യുവതാരം വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് പ്രകടനവും ഇന്നത്തെ മത്സരത്തിൽ നിർണ്ണായകമാകും. ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് 250 സ്ട്രൈക്ക് റേറ്റിൽ 122 റൺസ് അടിച്ചുകൂട്ടിയ വൈഭവ്, ബുംറയെപ്പോലുള്ള ഇതിഹാസങ്ങളെ സിക്സർ പറത്തി ഇതിനോടകം തന്നെ കൈയടി നേടിയിട്ടുണ്ട്.

നിലവിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. രണ്ട് വിജയങ്ങളുമായി ആർസിബി തൊട്ടുപിന്നാലെയുണ്ട്. സീസണിൽ തോൽവി അറിയാത്ത ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഗുവാഹത്തിയിൽ ആര് ചിരിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.