ഫോക്‌സ്‌വാഗണിന്റെ ജനപ്രിയ മിഡ്-സൈസ് എസ്‌യുവിയായ ടൈഗണിന്റെ ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയിലേക്കെത്തുന്നു. ഇതിന്റെ ആദ്യ ടീസർ കമ്പനി പുറത്തുവിട്ടു. 2026 ഏപ്രിൽ 9-ന് വാഹനം ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഡിസൈനിൽ വലിയ മാറ്റങ്ങൾ ടീസറിൽ വ്യക്തമല്ലെങ്കിലും നിലവിലുള്ള മോഡലിന്റെ സിലൗറ്റിനോട് സാമ്യമുള്ള രൂപമാണ് പുതിയ പതിപ്പിനുമുള്ളത്.
പുതിയ മാറ്റങ്ങൾ ഇവയാകാം
പുതിയ സ്കോഡ കുഷാക്കിന് സമാനമായ കോസ്മെറ്റിക് മാറ്റങ്ങളും അത്യാധുനിക ഫീച്ചറുകളുമാണ് 2026 ടൈഗണിൽ പ്രതീക്ഷിക്കുന്നത്. എൽഇഡി ലൈറ്റ് ബാറും മധ്യഭാഗത്തായി ലോഗോ പ്രകാശിക്കുന്ന തരത്തിലുള്ള ഗ്രില്ലുമായിരിക്കും മുൻഭാഗത്തെ പ്രധാന ആകർഷണം. ഹെഡ്‌ലാമ്പുകൾ, ടെയിൽലാമ്പുകൾ, അലോയ് വീലുകൾ എന്നിവ പുനർരൂപകൽപ്പന ചെയ്തേക്കും. അളവുകളിൽ മാറ്റമുണ്ടാകില്ലെങ്കിലും പുതിയ കളർ ഓപ്ഷനുകൾ ലഭ്യമായേക്കാം.
ഇന്റീരിയറും ഫീച്ചറുകളും
ഉള്ളിലെ ലേഔട്ടിൽ വലിയ മാറ്റങ്ങളില്ലെങ്കിലും കൂടുതൽ ആധുനികമായ സംവിധാനങ്ങൾ ഉൾപ്പെടുത്തിയേക്കും. 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവ പുതിയ പതിപ്പിലുണ്ടാകും. മസാജിംഗ് സൗകര്യമുള്ള പിൻ സീറ്റുകൾ ഈ മോഡലിന്റെ പ്രധാന പ്രത്യേകതയായിരിക്കും.
എഞ്ചിനും പുതിയ ഗിയർബോക്‌സും
നിലവിലുള്ള 1.0 ലിറ്റർ ടർബോ (115bhp), 1.5 ലിറ്റർ ടർബോ (150bhp) പെട്രോൾ എഞ്ചിനുകൾ തന്നെയാകും കരുത്ത് പകരുന്നത്. എന്നാൽ 1.0 ലിറ്റർ എഞ്ചിന് പുതിയ 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുമെന്നതാണ് വലിയ മാറ്റം. 1.5 ലിറ്റർ മോഡലിൽ 7-സ്പീഡ് ഡിസിടി ട്രാൻസ്മിഷൻ തുടരും.
