കൊച്ചി: തിരഞ്ഞെടുപ്പുകളിൽ ഒരേ പേരുള്ള അപരന്മാരെ നിർത്തുന്ന പ്രവണത വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്നു. ഇത് ജനാധിപത്യത്തെ കൊല്ലുന്നതിന് തുല്യമാണെന്നും കേരള ഹൈക്കോടതി. തൃപ്പൂണിത്തുറയിലെ എൻ.ഡി.എ സ്ഥാനാർഥി അഞ്ജലി പി.വി. സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും പ്രധാന സ്ഥാനാർഥികൾക്ക് അപരന്മാരുണ്ടെന്നും ഇത്തരം അപരന്മാർ ആരും തന്നെ പ്രചാരണരംഗത്ത് കാണാറില്ല എന്നതും പ്രസക്തമായ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
നിയമപരമായി എല്ലാ പൗരന്മാർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശമുണ്ടെങ്കിലും, പ്രചാരണത്തിന് പോലും ഇറങ്ങാത്ത അപരന്മാരെ മത്സരിപ്പിക്കുന്നത് വഴി പ്രധാന സ്ഥാനാർഥികളുടെ വോട്ട് ഭിന്നിപ്പിക്കുക എന്നത് തന്നെയാണ് ലക്ഷ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. ബാലറ്റിലും വോട്ടിങ് യന്ത്രത്തിലും തന്റെ യഥാർഥ പേരായ ‘അഞ്ജലി പി.വി.’ എന്നതിന് പകരം വോട്ടർമാർക്ക് സുപരിചിതമായ ‘അഞ്ജലി നായർ’ എന്ന പേര് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് തൃപ്പൂണിത്തുറയിലെ എൻ.ഡി.എ സ്ഥാനാർഥി കോടതിയെ സമീപിച്ചത്.
എന്നാൽ, നാട്ടിൽ അറിയപ്പെടുന്ന പേരിൽ മത്സരിക്കാൻ സ്ഥാനാർഥികൾക്ക് അവകാശമുണ്ടെങ്കിലും, കൃത്യസമയത്ത് ഇതിനായുള്ള അപേക്ഷ നൽകിയിട്ടില്ലെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. കൂടാതെ, നിലവിൽ ഹോം വോട്ടിങ്ങും സർവീസ് വോട്ടിങ്ങും ആരംഭിച്ചു കഴിഞ്ഞ സാഹചര്യത്തിൽ, ബാലറ്റ് പേപ്പറിലെ പേരിൽ ഇനി മാറ്റം വരുത്തുന്നത് എളുപ്പമല്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
