223a9eb016700135b7c332b282514b81a8598a97cf26428c5b816ab126204025.0

ന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറേക്കാൾ 5,000 റൺസ് അധികം നേടാൻ തനിക്ക് കഴിയുമായിരുന്നുവെന്ന ഞെട്ടിക്കുന്ന അവകാശവാദവുമായി ഓസ്‌ട്രേലിയൻ ഇതിഹാസ താരം മൈക്കൽ ഹസി. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച റെക്കോർഡുണ്ടായിരുന്ന ഹസി, 28-ാം വയസ്സിലാണ് ഓസ്‌ട്രേലിയൻ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്.

ക്രിക്കറ്റിൽ കുറച്ചുകൂടി നേരത്തെ അരങ്ങേറാൻ സാധിച്ചിരുന്നെങ്കിൽ സച്ചിനെ മറികടക്കാമായിരുന്നുവെന്നാണ് ഹസി ഒരു യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞത്.’ഞാൻ അതിനെക്കുറിച്ച് ഒരുപാട് ചിന്തിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറേക്കാൾ ഏകദേശം 5,000 റൺസ് അധികം നേടാൻ എനിക്ക് സാധിക്കുമായിരുന്നു. ഏറ്റവും കൂടുതൽ സെഞ്ച്വറികൾ, ഏറ്റവും കൂടുതൽ വിജയങ്ങൾ, കൂടുതൽ ആഷസ്, ലോകകപ്പ് വിജയങ്ങൾ…ഒരുപക്ഷെ ഇതെല്ലാം എന്നെക്കൊണ്ട് കഴിയുമായിരുന്നു. എന്നാൽ ഇതെല്ലാം ഇപ്പോൾ ഞാൻ രാവിലെ ഉണരുമ്പോൾ വെറുമൊരു സ്വപ്നം മാത്രമാണ്’, ഹസി പറഞ്ഞു.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മൂന്ന് ഫോർമാറ്റുകളിലുമായി 324 ഇന്നിങ്‌സുകളിൽ നിന്നായി 12,398 റൺസാണ് മൈക്കൽ ഹസി നേടിയിട്ടുള്ളത്. 22 സെഞ്ച്വറികളും 72 അർധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 79 മത്സരങ്ങളിൽ നിന്ന് 12,436 റൺസും (19 സെഞ്ച്വറി), ഏകദിനത്തിൽ 185 മത്സരങ്ങളിൽ നിന്ന് 6,243 റൺസും (3 സെഞ്ച്വറി) അദ്ദേഹം നേടി. ടി-20-യിൽ 38 മത്സരങ്ങളിൽ നിന്ന് 529 റൺസും നേടിയിട്ടുണ്ട്.

ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി 34,357 റൺസും 100 സെഞ്ച്വറികളുമാണ് സച്ചിന്റെ പേരിലുള്ളത്. സച്ചിനെക്കാൾ 450 ഇന്നിങ്‌സുകൾ കുറവാണ് മൈക്കൽ ഹസി കളിച്ചിട്ടുള്ളത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടിയും ഹസി കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *