Home » Blog » Kerala » സിനിമയിലേക്കുള്ള ദൂരം അത്ര എളുപ്പമായിരുന്നില്ല! സ്റ്റാർബക്സിലും തുണിക്കടയിലും ജോലി ചെയ്തു: കയാദു ലോഹർ
images - 2026-03-25T202557.899

വിനയൻ സംവിധാനം ചെയ്ത ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി കയാദു ലോഹർ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. ടൊവിനോ തോമസ് നായകനാകുന്ന ‘പള്ളിച്ചട്ടമ്പി’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് കയാദുവിന്റെ രണ്ടാം വരവ്. സിനിമയിലെത്തുന്നതിന് മുൻപ് താൻ അനുഭവിച്ച കഠിനാധ്വാനത്തിന്റെ കഥകൾ പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ.

 

സിനിമയിൽ എത്തുന്നതിന് മുൻപ് പലതരം ജോലികൾ ചെയ്തിട്ടുണ്ടെന്ന് കയാദു തുറന്നുപറയുന്നു. പ്രമുഖ കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാർബക്സിലും വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും താരം ജോലി ചെയ്തിട്ടുണ്ട്. കൂടാതെ ചില ഐടി കമ്പനികളിലും പ്രവർത്തിച്ചിരുന്നു. “രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ എനിക്ക് ലാപ്‌ടോപ്പ് നന്നായി ഉപയോഗിക്കാൻ പോലും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഐടി കമ്പനികളിലൊന്നും ട്രെയിനിങ് പീരിയഡിന് അപ്പുറം നിൽക്കാൻ കഴിഞ്ഞില്ല” എന്ന് കയാദു ചിരിച്ചുകൊണ്ട് ഓർക്കുന്നു.

പ്രദീപ് രംഗനാഥൻ നായകനായ തമിഴ് ചിത്രം ‘ഡ്രാഗൺ’ ഹിറ്റായതോടെ തെന്നിന്ത്യൻ സിനിമയിൽ വലിയ തിരക്കുള്ള നടിയായി കയാദു മാറി. നിലവിൽ മലയാളത്തിൽ കൈനിറയെ ചിത്രങ്ങളാണ് താരത്തിനുള്ളത്. ടൊവിനോയുടെ ‘പള്ളിച്ചട്ടമ്പി’ക്ക് പുറമെ ദുൽഖർ സൽമാൻ നായകനാകുന്ന ‘ഐ ആം ഗെയിം’ എന്ന ചിത്രത്തിലും കയാദു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’ ഏപ്രിൽ 10-ന് വിഷു റിലീസായി തീയേറ്ററുകളിലെത്തും. വിജയരാഘവൻ, ബാബുരാജ് തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ജേക്സ് ബിജോയ് ആണ്.