mari-selvaraj-680x450.jpg

മാരി സെൽവരാജ് സംവിധാനം ചെയ്ത ‘ബൈസൺ’ എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. ധ്രുവ് വിക്രമാണ് ചിത്രത്തിലെ നായകൻ. ജാതി അതിക്രമങ്ങളെയും അനീതിയെയും കബഡി മത്സരത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ സിനിമ, തിരുനൽവേലിയിൽ നടന്ന യഥാർത്ഥ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ദേശീയ കബഡി താരവും അർജുന അവാർഡ് ജേതാവുമായ മനതി ഗണേശന്റെ ജീവിതത്തിൽ നിന്നും ഈ ചിത്രം പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്.

തന്റെ സിനിമകളിലൂടെ ജാതി വിവേചനങ്ങളെയും അതിക്രമങ്ങളെയും നിരന്തരം വിമർശിക്കുന്ന സംവിധായകനാണ് മാരി സെൽവരാജ്. ഈ കാരണം കൊണ്ട് തന്നെ ‘ജാതി സിനിമ’ എടുക്കുന്നയാൾ എന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ വിമർശനങ്ങളും അധിക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ, ഈ വിമർശനങ്ങളോട് മാരി സെൽവരാജ് ശക്തമായി പ്രതികരിച്ചിരിക്കുന്നു. സിനിമയുടെ പ്രസ് മീറ്റിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഞാനും എന്റെ അപ്പനപ്പൂപ്പന്മാരും അനുഭവിച്ച ജാതീയതയെക്കുറിച്ച് സിനിമയെടുക്കുന്നത് എന്റെ സ്വാതന്ത്ര്യമാണ്. ‘ജാതി സിനിമ എടുക്കുന്നവൻ’ എന്നൊരു സ്റ്റാമ്പ് എന്റെ മേൽ പലരും പതിപ്പിക്കുന്നുണ്ട്, അത് അങ്ങനെ തന്നെയിരിക്കട്ടെ. ജാതി കാരണം എന്നെപ്പോലെ ദ്രോഹങ്ങളും ഉപദ്രവങ്ങളും നേരിട്ട ഒരാൾ തമിഴ് സിനിമയിൽ തന്നെ ഉണ്ടോയെന്ന് എനിക്കറിയില്ല. അതിൽ നിന്ന് അതിജീവിച്ച് ഇവിടം വരെ വന്നതിന്റെ വേദന എനിക്ക് മാത്രമേ അറിയൂ. അങ്ങനെ ഒരാളോട് അതൊക്കെ മറന്നിട്ട് ആടൂ, പാടൂ എന്നൊക്കെ പറഞ്ഞാൽ എനിക്ക് ബുദ്ധിമുട്ടുണ്ട്,’ മാരി സെൽവരാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *