Home » Blog » Kerala » ഇനി ഹോണ്ട യുഗം; ഹൈബ്രിഡ് കരുത്തുമായി 4 പുതിയ കരുത്തന്മാർ എത്തുന്നു.
honda-1160x870

ഇന്ത്യൻ വാഹനവിപണിയിൽ കരുത്തുറ്റ തിരിച്ചുവരവിനൊരുങ്ങി ഹോണ്ട കാർസ് ഇന്ത്യ. ഡീസൽ എൻജിനുകളോട് വിടപറഞ്ഞ ഹോണ്ട, ഇന്ധനക്ഷമതയേറിയ ‘സ്ട്രോങ്ങ് ഹൈബ്രിഡ്’ സാങ്കേതികവിദ്യയിലൂടെ ഉപഭോക്താക്കളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹനങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെങ്കിലും, വരും മാസങ്ങളിൽ ഇന്ത്യൻ നിരത്തുകളിലെത്താൻ സാധ്യതയുള്ള ഹോണ്ടയുടെ നാല് പ്രധാന ഹൈബ്രിഡ് മോഡലുകൾ ഇവയാണ്.

 

പുതിയ തലമുറ ഹോണ്ട സിറ്റി

ഇന്ത്യൻ സെഡാൻ വിപണിയിലെ രാജാവായ ഹോണ്ട സിറ്റിയുടെ ആറാം തലമുറ ഉടൻ വിപണിയിലെത്തും. നിലവിലുള്ള അഞ്ചാം തലമുറയിലെ 1.5 ലിറ്റർ ആറ്റ്കിസൺ സൈക്കിൾ പെട്രോൾ എൻജിനും സ്ട്രോങ്ങ് ഹൈബ്രിഡ് സിസ്റ്റവും പുതിയ മോഡലിലും തുടരാനാണ് സാധ്യത. ഈ സെഗ്‌മെന്റിൽ സ്ട്രോങ്ങ് ഹൈബ്രിഡ് സംവിധാനം വാഗ്ദാനം ചെയ്യുന്ന ഏക സെഡാൻ എന്ന പദവി ഹോണ്ട സിറ്റി നിലനിർത്തും.

 

ഹോണ്ട എലിവേറ്റ് ഹൈബ്രിഡ്

എസ് യുവി വിപണിയിലെ കടുത്ത മത്സരം നേരിടാൻ എലിവേറ്റിന്റെ ഹൈബ്രിഡ് പതിപ്പ് ഹോണ്ട അവതരിപ്പിക്കും. സിറ്റി ഹൈബ്രിഡിന് സമാനമായ എൻജിൻ കരുത്തിലാകും ഇത് എത്തുക. ഭാരം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ പുതിയൊരു ഹൈബ്രിഡ് സിസ്റ്റം ഹോണ്ട ഇതിനായി വികസിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

 

ഹോണ്ട ഇസഡ്ആർ–വി

ആഗോള വിപണിയിൽ തരംഗമായ പ്രീമിയം എസ് യുവിയായ ZR-V ഉടൻ ഇന്ത്യയിലുമെത്തും. സിബിയു (CBU) യൂണിറ്റായി ഇറക്കുമതി ചെയ്യാനാണ് സാധ്യത. 2 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിൻ കരുത്തേകുന്ന ഈ വാഹനത്തിൽ ഗൂഗിൾ അസിസ്റ്റ്, 12 സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റം, ഹോണ്ട സെൻസിങ് തുടങ്ങിയ അത്യാധുനിക ഫീച്ചറുകൾ ഉണ്ടാകും.

 

ഹോണ്ട പ്രെലൂഡ്

ഹോണ്ടയുടെ ഐക്കണിക് സ്പോർട്സ് കോംപാക്റ്റ് കാറായ ‘പ്രെലൂഡ്’ ഒരു ടു-ഡോർ കൂപ്പെയായി ഇന്ത്യയിലെത്തും. ഏകദേശം 200 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 2 ലിറ്റർ ഹൈബ്രിഡ് എൻജിനാകും ഇതിലുണ്ടാകുക. ഹോണ്ടയുടെ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ മോഡലുകളിൽ ഒന്നായിരിക്കും ഇത്.