ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെൻ്റ് വിപണിയിൽ ദീർഘകാലമായി ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവയാണ് ആധിപത്യം പുലർത്തുന്നത്. ഈ ശക്തമായ മത്സരാന്തരീക്ഷത്തിലേക്കാണ് പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ സോഹോ കോർപ്പറേഷൻ തങ്ങളുടെ പുതിയ യുപിഐ അധിഷ്ഠിത ആപ്ലിക്കേഷനായ ‘സോഹോ പേ’ അവതരിപ്പിക്കുന്നത്. സ്വതന്ത്ര ആപ്പായും, സോഹോയുടെ ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്പായ അറട്ടൈയുമായി സംയോജിപ്പിച്ചും സോഹോ പേ പ്രവര്‍ത്തിക്കുമെന്നാണ് പുറത്ത് വരുന്ന സൂചന. അതായത്, അരട്ടൈ ആപ്പില്‍ നിന്ന് പുറത്തുകടക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയും. ഓണ്‍ലൈനായി പണം അയക്കാനും സ്വീകരിക്കാനും തടസമില്ലാതെ ഇടപാടുകള്‍ നടത്താനും പുത്തന്‍ പ്ലാറ്റ്‌ഫോം വഴിയൊരുക്കും എന്നാണ് പ്രതീക്ഷ.
പേയ്‌മെൻ്റ് രംഗത്തെ പ്രധാന താരങ്ങളായ ഗൂഗിൾ പേ, ഫോൺപേ എന്നിവയ്ക്ക് നിലവിൽ വലിയ യൂസർ ബേസ് ഉണ്ട്. എന്നാൽ, ഉപയോക്തൃ സൗഹൃദപരമായ പ്രത്യേക ഫീച്ചറുകളും, മികച്ച സുരക്ഷാ സംവിധാനങ്ങളും വാഗ്ദാനം ചെയ്താൽ സോഹോ പേയ്ക്ക് ഈ വിപണിയിൽ പെട്ടെന്ന് ഒരു ഇടം നേടാനാകും. ടെക് രംഗത്ത് സജീവമായിട്ടുള്ള ഇന്ത്യന്‍ കമ്പനിയാണ് ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോര്‍പ്പറേഷന്‍. ഫിന്‍ടെക് രംഗത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള സോഹോയുടെ പരിശ്രമത്തിന്‍റെ ഭാഗമാണ് പുത്തന്‍ പേയ്‌മെന്‍റ് ആപ്പ്. ബിസിനസ് പേയ്‌മെന്‍റ്, പോയിന്‍റ്-ഓഫ്-സെയില്‍ (പിഒഎസ്) രംഗത്ത് സോഹോ ഇതിനകം പ്രവര്‍ത്തിക്കുന്നുണ്ട്. ഫിന്‍ടെക് മേഖലയില്‍ കൂടുതല്‍ ആപ്പുകളും സേവനങ്ങളും സോഹോ ഭാവിയില്‍ പുറത്തിറക്കാനും സാധ്യതയുണ്ട്.
