തിരുവനന്തപുരം: നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി രണ്ട് പ്രവർത്തി ദിവസം മാത്രം ബാക്കി നിൽക്കെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാകാതെ എൽഡിഎഫ്. തിരുവനന്തപുരം, താനൂർ, വള്ളിക്കുന്ന്, കാസർഗോഡ്, നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിക്കാൻ ഉള്ളത്. നാല് മണ്ഡലങ്ങളിലും ഉചിതമായ സ്ഥാനാർഥിയെ കിട്ടാത്തതാണ് എൽഡിഎഫിനെ പ്രതിസന്ധിയിലാക്കിയത്
ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റുകളായ തിരുവനന്തപുരം, താനൂർ എന്നീ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ ഇതുവരെ പ്രഖ്യാപിച്ചില്ല. മുന്നണിക്ക് പൊതുവേ ശക്തി കുറഞ്ഞ വള്ളിക്കുന്ന്, കാസർഗോഡും ആണ് മറ്റു രണ്ടു മണ്ഡലങ്ങൾ. തൊണ്ടി മുതൽ കേസിൽ ആന്റണി രാജുവിന്റെ അപ്പില് ഹരജി ഹൈക്കോടതി തള്ളിയതോടെയാണ് തിരുവനന്തപുരം സീറ്റിൽ ഇടതുമുന്നണി കൂടുതൽ പ്രതിസന്ധിയിലായത്.
സീറ്റ് ഏറ്റെടുക്കേണ്ട എന്ന സിപിഎം തീരുമാനം ഉറച്ചതായതുകൊണ്ട് ജനാധിപത്യ കേരള കോൺഗ്രസിന് തന്നെ അത് നൽകും. എന്നാൽ ദുർബലരായ സ്ഥാനാർഥികളെ നിർത്താൻ സിപിഎം സമ്മതിക്കില്ല. നേരത്തെ തിരുവനന്തപുരത്ത് നിന്നും ജയിച്ചിട്ടുള്ള വി. സുരേന്ദ്രൻ പിള്ളയുടെ പേര് പരിഗണനയിൽ ഉണ്ടെങ്കിലും സിപിഎം നേതൃത്വം ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.
മന്ത്രി വി. അബ്ദുറഹ്മാൻ താനൂരിൽ മത്സരിക്കുന്നില്ലെന്നും അദ്ദേഹത്തിന് തിരൂർ നൽകുകയും ചെയ്തതതോടെ താനൂരിൽ ആരു മത്സരിക്കും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ലീഗുമായി അടുത്ത ബന്ധം പുലർത്തുന്ന ചിലരെ ഇടതുമുന്നണി നോട്ടമിട്ടിട്ടുണ്ട് അതിലും ഇന്ന് തീരുമാനമായേക്കും. അതുപോലെ വള്ളിക്കുന്ന്, കാസർഗോഡ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് വൈകിട്ടോടെ പ്രഖ്യാപിക്കും. പരമാവധി ഇടതുമുന്നണി സ്ഥാനാർഥികൾ നാമനിർദേശ പത്രിക നാളെ സമർപ്പിക്കും. ബാക്കിയുള്ളവർ തിങ്കളാഴ്ച ആയിരിക്കും പത്രിക സമർപ്പിക്കുക.
