തമിഴ് സിനിമയിലെ യുവ പ്രതിഭകളിൽ ഇന്ന് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന പേരാണ് പ്രദീപ് രംഗനാഥൻ. സംവിധായകനായും തിരക്കഥാകൃത്തായും കരിയർ ആരംഭിച്ച അദ്ദേഹം, പിന്നീട് താൻ തന്നെ നായകനായി അഭിനയിച്ച ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ താരമായി മാറി. രണ്ട് 100 കോടി സിനിമകളാണ് നടന്റെ പേരിലുള്ളത്. എന്നാൽ, പ്രദീപിനെതിരെ നിറയെ വിമർശനങ്ങളും വരുന്നുണ്ട്. നടൻ സ്ഥിരമായി റൊമാന്റിക് സിനിമകളാണ് ചെയ്യുന്നതെന്നും ഒരേ ജോണർ സിനിമകൾ മാറ്റിപ്പിടിക്കേണ്ട സമയമായി എന്നും കമന്റുകൾ ഉയരുന്നുണ്ട്. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ.
‘റൊമാന്റിക് സിനിമകൾ ഒരുപാട് ചെയ്തല്ലോ ഇനി എന്നാണ് അസുരനും വടചെന്നൈയും പോലെ ഒരു സിനിമ ചെയ്യുന്നത്’, എന്നായിരുന്നു ആരാധകന്റെ ചോദ്യം. ‘കമിങ് സൂൺ’ എന്നായിരുന്നു പ്രദീപിന്റെ മറുപടി. നേരത്തെ താൻ ഒരു സയൻസ് ഫിക്ഷൻ ആക്ഷൻ സിനിമയുടെ പണിപ്പുരയിലാണെന്ന് പ്രദീപ് വെളിപ്പെടുത്തിയിരുന്നു. ഡ്യൂഡിന് ശേഷം ചെറിയ ഇടവേളയെടുത്ത് ആ സിനിമയുടെ എഴുത്തിലേക്ക് കടക്കുമെന്നും താരം പറഞ്ഞിരുന്നു.
അതേസമയം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 95 കോടിയാണ് ഇതുവരെ ഡ്യൂഡിന്റെ കളക്ഷൻ. സിനിമ വൈകാതെ 100 കോടിയിലേക്ക് കടക്കും. അങ്ങനെയെങ്കിൽ പ്രദീപിന്റെ തുടർച്ചയായ മൂന്നാമത്തെ 100 കോടി പടമാകും ഡ്യൂഡ്. ഡ്യൂഡിൽ മമിത ബൈജു ചെയ്ത വേഷത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്തിരിക്കുന്നത്.
