images (20)

കുട്ടികളിൽ ചോദ്യങ്ങൾ ചോദിക്കാനുള്ള മാനസികാവസ്ഥ വളർത്തേണ്ടത് അത്യാവശ്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. തത്തമംഗലം ജി.എസ്.എം.വി.എച്ച്.എസ്.എസിലെ ഹൈസ്‌കൂൾ വിഭാഗത്തിനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 6.30 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ സ്‌കൂളില്‍ ഇതുവരെ നടത്തിയിട്ടുള്ളത്. 80 ശതമാനമായിരുന്ന റിസള്‍ട്ട് ഇപ്പോള്‍ 99.6 ശതമാനമായി. ഇതില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ പങ്കുണ്ട്. 1.96 കോടി രൂപ ചെലവില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, 6 കോടി രൂപ ചെലവില്‍ ബോയ്‌സ് ഹൈസ്‌കൂള്‍, 3.9 കോടി രൂപ ചെലവില്‍ ഗവ വിക്ടോറിയ ഹൈസ്‌കൂള്‍, മൂന്ന് കോടി രൂപ ചെലവില്‍ ഗവ വിക്ടോറിയ എല്‍.പി സ്‌കൂള്‍ തുടങ്ങി പൊതുവിദ്യാഭ്യാസത്തിന് 30 കോടി രൂപയും ഉന്നത വിദ്യാഭ്യാസത്തിന് 60 കോടി രൂപയും ചിറ്റൂര്‍ നിയോജക മണ്ഡലത്തില്‍ ചെലവഴിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ ഏകദേശം 3035 കോടിയുടെ വികസനങ്ങള്‍ നടത്താന്‍ സാധിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ സന്ദേശം വായിച്ചു. ചിറ്റൂര്‍ തത്തമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എല്‍ കവിത അധ്യക്ഷയായി. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.കെ ഷമീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തത്തമംഗലം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സുമിത സമ്മാന വിതരണം നടത്തി. ജി.എസ്.എം.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ വൈ വഹീദാബാനു, പിടിഎ പ്രസിഡന്റ് വി. സ്വാമിനാഥന്‍, എസ്.എം.സി ചെയര്‍മാന്‍ സി ആനന്ദന്‍, വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ പി എം കൃഷ്ണ പ്രസാദ്, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *