കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് തിരിച്ചടി. കേസില്‍ തന്ത്രിക്കെതിരെ തെളിവുകളില്ലെന്ന വിചാരണക്കോടതിയുടെ പരാമര്‍ശം ഹൈക്കോടതി റദ്ദാക്കി. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. കേസില്‍ തന്ത്രിക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.
കേസില്‍ തന്ത്രിക്ക് അനുവദിച്ച സ്വാഭാവിക ജാമ്യം റദ്ദാക്കണമെന്നും എസ്ഐടി അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നു. കട്ടിളപാളികള്‍ കൊടുത്തുവിട്ടതില്‍ തന്ത്രിക്ക് ദുരുദ്ദേശ്യമുണ്ടായിരുന്നില്ലെന്നും തന്ത്രി ദേവസ്വം മാന്വല്‍ ലംഘിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തന്ത്രിക്ക് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ തന്ത്രിയുടെ സാമ്പത്തിക സ്ഥിതി ഒരു തെളിവല്ലെന്നും കട്ടിളപ്പാളി കൊണ്ടുപോകാന്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് പ്രഥമദൃഷ്ട്യാ പോലും തെളിവില്ലെന്നുമായിരുന്നു കൊല്ലം വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. ഈ പരാമര്‍ശങ്ങളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
തന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി പ്രത്യേക അന്വേഷണസംഘം കൊണ്ടുവന്ന തെളിവുകളും ഉയര്‍ത്തിക്കാട്ടിയ വാദങ്ങളും പൂര്‍ണമായും തള്ളിക്കളയുന്ന നിലയിലായിരുന്നു വിചാരണക്കോടതിയുടെ ഇടപെടല്‍. സ്വര്‍ണക്കൊള്ളയിലെ രണ്ട് കേസുകളിലും തന്ത്രിക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ എസ്ഐടി പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. തന്ത്രിക്ക് ജാമ്യം നല്‍കിക്കൊണ്ട് വിചാരണക്കോടതി നല്കിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എസ്ഐടി സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
