Home » Top News » Kerala » പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് കിരീടം ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന്
IMG-20251022-WA0020

തിരുവനന്തപുരം : കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. ഫൈനലിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ ഒരിന്നിങ്സിനും 33 റൺസിനും തോല്പിച്ചാണ് ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് ചാമ്പ്യന്മാരായത്. ആദ്യ ഇന്നിങ്സിൽ 95 റൺസിന് ഓൾ ഔട്ടായ ലിറ്റിൽ മാസ്റ്റേഴ്സ് ക്ലബ്ബിനെതിരെ ആത്രേയ ക്ലബ്ബ് 264 റൺസ് നേടിയിരുന്നു. തുടർന്ന് 169 ലീഡ് വഴങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സ് രണ്ടാം ഇന്നിങ്സിൽ 136 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ഏഴ് വിക്കറ്റിന് 111 റൺസെന്ന നിലയിലാണ് ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് അവസാന ദിവസം കളി തുടങ്ങിയത്. മൂന്ന് വിക്കറ്റുകൾ ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ 58 റൺസ് കൂടിയാണ് അവർക്ക് വേണ്ടിയിരുന്നത്. എന്നാൽ 25 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമാവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കെ എസ് നവനീതിൻ്റെ പ്രകടനമാണ് ആത്രേയ ബൌളിങ് നിരയിൽ ശ്രദ്ധേയമായത്. മൊഹമ്മദ് ഷഹീൻ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. 38 റൺസെടുത്ത ക്യാപ്റ്റൻ ഇഷാൻ എം രാജാണ് രണ്ടാം ഇന്നിങ്സിൽ ലിറ്റിൽ മാസ്റ്റേഴ്സിൻ്റെ ടോപ് സ്കോറർ.

ആകെ ആറ് ടീമുകളായിരുന്നു ടൂർണ്ണമെൻ്റിൽ പങ്കെടുത്തത്. പ്രാഥമിക ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റുകൾ നേടിയ ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവുമായിട്ടായിരുന്നു ആത്രേയയും ലിറ്റിൽ മാസ്റ്റേഴ്സും ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ കെ എസ് നവനീതാണ് പ്ലെയർ ഓഫ് ദി മാച്ച്. മൂന്ന് അഞ്ച് വിക്കറ്റ് പ്രകടനവും ഒരു സെഞ്ച്വറിയും അടക്കം ടൂർണ്ണമെൻ്റിലുടനീളം ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങിയ നവനീത് തന്നെയാണ് ടൂർണ്ണമെൻ്റിൻ്റെ താരമായും തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് സെഞ്ച്വറികളടക്കം ടൂർണ്ണമെൻ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിൻ്റെ വിശാൽ ജോർജാണ് മികച്ച ബാറ്റർ. ആർഎസ്ജി എസ്ജി ക്രിക്കറ്റ് സ്കൂളിൻ്റെ ശിവദത്ത് സുധീഷാണ് മികച്ച ബൌളറായി തെരഞ്ഞെടുക്കപ്പെട്ടത്.

സ്കോർ ഒന്നാം ഇന്നിങ്സ് – ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് – 95 റൺസിന് ഓൾ ഔട്ട്
ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് – ഒൻപത് വിക്കറ്റിന് 264

സ്കോർ രണ്ടാം ഇന്നിങ്സ് – ലിറ്റിൽ മാസ്റ്റേഴ്സ് – 136ന് ഓൾ ഔട്ട്

Leave a Reply

Your email address will not be published. Required fields are marked *